ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിയുന്നു

18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വേര്‍പിരിയല്‍.

Update: 2022-01-18 01:25 GMT
Advertising

നടന്‍ ധനുഷും സംവിധായികയും ഗായികയുമായ ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രസ്‍താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വേര്‍പിരിയല്‍.

"സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ"- ധനുഷ് ട്വിറ്ററിലും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലുമാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.


2004 നവംബര്‍ 18നായിരുന്നു ഐശ്വര്യയും ധനുഷും തമ്മിലെ വിവാഹം. യത്രയും ലിംഗയുമാണ് മക്കള്‍.

രജനീകാന്തിന്‍റെ മകളായ ഐശ്വര്യ പിന്നണി ഗായികയായാണ് സിനിമയില്‍ എത്തിയത്. രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ല്‍ പാടിയെങ്കിലും ഈ ചിത്രം റിലീസായില്ല. ഐശ്വര്യ പാടിയ വിസില്‍ എന്ന സിനിമ 2003ല്‍ പുറത്തിറങ്ങി. 3 ആണ് ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ധനുഷ് ആയിരുന്നു നായകന്‍. 2016ല്‍ യു.എന്‍ വിമന്‍റെ ഗുഡ്‍വില്‍ അംബാസഡറായി.

2002ലാണ് ധനുഷ് സിനിമയിലെത്തിയത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത് 2003ൽ തിരുടാ തിരുടി എന്ന ചിത്രത്തിലാണ്. 2010ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അത്‍രംഗി രേയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News