64 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി പേര് മാറ്റി നടന്‍ ധര്‍മേന്ദ്ര
' തേരി ബാറ്റണ്‍ മേ ഐസ ഉല്‍ജാ ജിയ ' എന്ന ചിത്രത്തിലാണ് ആദ്യമായി പേര് മാറ്റം നടത്തിയത്
മുബൈ: കഴിഞ്ഞ 64 വര്‍ഷമായി ബോളിവുഡിന്‍റെ ഭാഗമാണ് ധര്‍മേന്ദ്ര. 1960 കള്‍ മുതല്‍ ഇന്ത്യന്‍ സിനിമക്ക് പരിചിതമായ പേര്. ഇപ്പോഴിതാ കരിയറില്‍ ആദ്യമായി തന്‍റെ സ്ക്രീന്‍ പേര് മാറ്റിയിരിക്കുകയാണ് ധര്‍മേന്ദ്ര. ഷാഹിദ് കപൂറും കൃതി സനോണും നായികാനായകന്‍മാരായ ' തേരി ബാറ്റണ്‍ മേ ഐസ ഉല്‍ജാ ജിയ ' എന്ന ചിത്രത്തിലാണ് ആദ്യമായി പേര് മാറ്റം നടത്തിയത്.
ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ കാണിക്കുന്നത് ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നാണ്.ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ധര്‍മ്മേന്ദ്ര ധരം സിംഗ് ഡിയോള്‍ എന്നാണ് ധര്‍മ്മേന്ദ്രയുടെ യഥാര്‍ത്ഥ പേര്. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് സ്‌ക്രീനില്‍ കാണിക്കുന്നത്. സിനിമയില്‍ പ്രവേശിച്ചപ്പോള്‍ തന്‍റെ കുടുംബപ്പേര് ഒഴിവാക്കിയിരുന്നു. മക്കളും ബോളിവുഡ് താരങ്ങളുമായ സണ്ണി ഡിയോളും ബോബി ഡിയോളും കുടുംബപ്പേര് തങ്ങളുടെ പേരിനൊപ്പം ചേര്‍ത്തിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ധര്‍മേന്ദ്ര പേര് മാറ്റം വരുത്തിയിട്ടില്ല. എക്സിലും ഇന്‍സ്റ്റഗ്രാമിലും ധര്‍മേന്ദ്ര ഡിയോള്‍ എന്നാണ്.
അതേസമയം 'തേരി ബാറ്റണ്‍ മേ ഐസ ഉല്‍ജാ ജിയ 'യില്‍ ഷാഹിദിന്‍റെ മുത്തച്ഛനായിട്ടാണ് ധര്‍മേന്ദ്ര അഭിനയിക്കുന്നത്. ദാദ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കരൺ ജോഹറിൻ്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ധർമേന്ദ്ര അവസാനമായി അഭിനയിച്ചത്.