മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് സംശയിക്കുന്നതായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്ന് തുടക്കം മുതൽ തോന്നിയിരുന്നു

Update: 2022-04-27 08:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിന്‍റെ ജീവന്‍ അപകടത്തിലാണെന്ന് തനിക്ക് ശക്തമായ തോന്നലുണ്ടെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സനല്‍കുമാര്‍ ശശിധരന്‍റെ കുറിപ്പ്

വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന് അഭ്യർത്ഥിക്കുന്നു. മഞ്ജുവാര്യരെ ഞാൻ പരിചയപ്പെടുന്നത് കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. എന്‍റെ സെക്സിദുർഗ കാണാൻ എന്താണ് വഴി എന്ന് ചോദിച്ചുകൊണ്ട് അവർ എനിക്ക് മെസേജ് അയക്കുകയായിരുന്നു. സിനിമ ഇഷ്ടപ്പെട്ടെന്നും ഒരുമിച്ച് സിനിമ ചെയ്യാൻ താല്പര്യമുണ്ടെന്നും അവർ പറഞ്ഞതോടെയാണ് കയറ്റം എന്ന സിനിമയുടെ ആലോചന ഉണ്ടാകുന്നത്. ഏതാണ്ട് ഒരു മാസത്തോളം ഒരുമിച്ച് ഉണ്ടായിരുന്നിട്ടും രണ്ടുപേർ മാത്രം തനിച്ച് ഞങ്ങൾ സംസാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. അവരുടെ സഹായികളായി വന്നതും സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരായി പിന്നീട് മാറിയവരുമായ ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവർ ഒരുമിച്ചല്ലാതെ അവരെ കണ്ടിട്ടില്ല. ഹിമാലയത്തിൽ കയറ്റത്തിന്റെ അണിയറ പ്രവർത്തകർ എല്ലാം ടെന്‍റുകളിലാണ് ഉണ്ടായിരുന്നത്. മഞ്ജുവാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നത്. ചെലവ് ചുരുങ്ങിയ സിനിമ ആയതിനാൽ അവർ അങ്ങനെ അഡ്ജസ്റ്റ്  ചെയ്യുന്നതാണ് എന്നാണ് ഞാൻ കരുതിയിരുന്നത്.

പിന്നീട് സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്യാൻ ബിനീഷിന്‍റെ ഏർപ്പാടിൽ ഫിറോസ് എന്നയാൾ വന്നപ്പോൾ നാലുപേരും ഒരു ടെന്റിൽ തന്നെയായി. സിനിമയുടെ സീനുകൾ ചർച്ച ചെയ്യാൻ പോലും മഞ്ജു വാര്യരുമായി ഒറ്റയ്ക്ക് സംസാരിച്ചിട്ടില്ല. സിനിമ കഴിഞ്ഞപ്പോൾ അത് പുറത്തിറങ്ങാതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. അക്കാര്യം ഞാൻ മഞ്ജു വാര്യരോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമ വിൽക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഒന്നും വിജയിക്കുന്നില്ല എന്നും അവർ എന്നോട് പറഞ്ഞു. സിനിമയുടെ ട്രെയിലർ എ. ആർ റഹ്‌മാന്‍റെ പേജിലൂടെ റിലീസ് ചെയ്യാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അതിൽ സന്തോഷമല്ലേ ഉള്ളു എന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ അക്കാര്യം മുന്നോട്ട് നീക്കിയപ്പോൾ തടസങ്ങൾ തുടങ്ങി. ട്രെയിലർ ഉൾപ്പെടെ സിനിമയുടെ പാട്ടുകൾ എല്ലാം റിലീസ് ചെയ്യാൻ മനോരമ മ്യൂസിക്കുമായി ഒരു എഗ്രിമെന്റ് അയക്കുകയായിരുന്നു. അതിനോടകം തന്നെ ട്രെയിലർ റിലീസ് ചെയ്യാൻ എആർ റഹ്മാൻ സമ്മതിച്ചിരുന്നത് കൊണ്ട് എഗ്രിമെന്റിൽ നിന്നും ട്രെയിലർ നീക്കം ചെയ്യണം എന്നു ഞാൻ പറഞ്ഞു. ആദ്യം എന്നോടത് സമ്മതിച്ചിരുന്നതാണെങ്കിലും മഞ്ജുവാര്യർ അക്കാര്യത്തിൽ ഒരു നിലപാടെടുക്കാൻ ബുദ്ധിമുട്ടുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ കടുംപിടുത്തം പിടിച്ചതുകൊണ്ട് ട്രെയിലർ റഹ്‌മാൻ സാർ വഴി തന്നെ റിലീസ് ആയെങ്കിലും മനോരമ മ്യൂസിക്കുമായുള്ള എഗ്രിമെന്‍റ് തണുത്തു. ഇതിനു മുൻപ് ഇസ്തക്കോ എന്ന പാട്ട് മഞ്ജു വാര്യർക്ക് പാടാൻ താത്പര്യമുണ്ടെന്ന് ബിനീഷ് അറിയിച്ചപ്പോൾ എറണാകുളത്ത് പോയി അത് റെക്കോർഡ് ചെയ്തിരുന്നു.

ആ പാട്ടിന്‍റെ ഫയലുകളെല്ലാം നേരത്തെ തന്നെ ബിനീഷ് ഏർപ്പാട് ചെയ്ത ഒരു എഡിറ്ററെ ഏൽപ്പിച്ചിരുന്നു എങ്കിലും ട്രെയിലറിനെ ചൊല്ലിയുള്ള തർക്കങ്ങൾ കാരണം അത് നടന്നില്ല. സിനിമയുടെ പ്രൊഡ്യൂസർ ആയ ഷാജി മാത്യുവിനോട് അക്കാര്യം തിരക്കിയപ്പോൾ മഞ്ജു വാര്യരും അവരുടെ മാനേജരുമാണ് അക്കാര്യം നോക്കുന്നത് എന്ന് എന്നോട് പറഞ്ഞു. അത് റിലീസ് ചെയ്യുന്നത് നീണ്ടുപോയി 2020 ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. മാനേജരുടെ ഇടപെടൽ സിനിമയെ ബാധിക്കുന്നത് മഞ്ജു വാര്യരുടെ മൗനാനുവാദത്തോടെയാണ് എന്ന് എനിക്ക് സംശയം തോന്നിയതോടെ ഞാൻ അവരുമായി സംസാരിക്കാതെയായി.

പിന്നീട് "തീയാട്ടം" എന്നപേരിൽ ഒരു സ്ക്രിപ്ട് എഴുതിക്കഴിഞ്ഞപ്പോൾ മഞ്ജുവാര്യർ അതിന് അനുയോജ്യമാണെന്ന് തോന്നിയതുകൊണ്ട് അവരെ സമീപിച്ചു. ആദ്യം സമ്മതം പ്രകടിപ്പിച്ച അവർ പിന്നീട് അതിൽ നിന്ന് മാറി. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോൾ ചെയ്യുന്ന കാര്യങ്ങൾ നോക്കാമോ എന്ന് ഞാൻ ആദ്യം ബിനീഷ് ചന്ദ്രനോട് സംസാരിച്ചിരുന്നെങ്കിലും അയാളുടെ ഇടപെടലിലുള്ള ചില അസ്വാരസ്യങ്ങൾ കാരണം അയാളോട് ഒപ്പം പ്രവർത്തിക്കാൻ താത്പര്യമില്ലെന്ന് ഞാൻ അറിയിച്ചു. താമസിയാതെ മഞ്ജു വാര്യരും പ്രൊജക്ടിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്. മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജു വാര്യർ എന്ന വലിയ കലാകാരി എന്ന തോന്നലുണ്ടായതോടെ എനിക്ക് അവരോടുണ്ടായിരുന്ന എല്ലാ ആദരങ്ങളും പോയി. ഞാൻ വഴക്ക് എന്ന സിനിമയുമായി മുന്നോട്ട് പോയി.

ഇതിനിടെ കയറ്റത്തിൽ എനിക്കുണ്ടായിരുന്ന അവകാശം അവർ വില തന്ന് വാങ്ങി. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അതെന്നെ സഹായിച്ചു. വഴക്ക് തീർന്നപ്പോൾ ആ സിനിമ കാണാൻ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് ഒരു അപ്രതീക്ഷിത മെസേജ് മഞ്ജു വാര്യർ അയച്ചു. ഞാൻ സിനിമയുടെ ലിങ്ക് അയച്ചുകൊടുത്തു. അതേത്തുടർന്ന് വീണ്ടും ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഇസ്തക്കോ എന്ന പാട്ട് റിലീസ് ചെയ്യുന്നത്തെക്കുറിച്ച് വീണ്ടും ആലോചനകൾ ഉണ്ടാകുന്നത്. എന്നാൽ 2021 ആഗസ്റ്റിൽ പാട്ടു പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മുന്നോട്ട് പോയപ്പോൾ അപ്രതീക്ഷിതമായ ചില തടസ്സങ്ങളുണ്ടായി. ആദ്യം പറഞ്ഞത് ഞാൻ അയച്ചുകൊടുത്ത ഫയൽ കാണാനില്ല എന്നതായിരുന്നു. സിനിമയുടെ ഹാർഡ് ഡിസ്ക് പാട്ടും ട്രെയിലറും എഡിറ്റ് ചെയ്യാൻ ബിനീഷ് ഏർപ്പെടുത്തിയ എഡിറ്റർക്ക് ഒരു വർഷം മുൻപ് തന്നെ ഞാൻ അയച്ചുകൊടുത്തിരുന്നതാണ്. അയാളുടെ കയ്യിലും പാട്ടുകളോ എഡിറ്റ് ചെയ്ത വിഷ്വലുകളോ ഇല്ല എന്ന് പറഞ്ഞു. മ്യുസ്സിക് ഡയറക്ടർ ആയ രതീഷ് കുമാര്‍ രവീന്ദ്രന്‍ രതീഷ് ഈറ്റില്ലത്തെ വിളിച്ചു ഞാൻ പാട്ടുകളുടെ ഫയലുകൾ സംഘടിപ്പിച്ചു. ഞാൻ തന്നെ പാട്ടിനുള്ള വിഷ്വലുകൾ വീണ്ടും എഡിറ്റ് ചെയ്യാൻ ആരംഭിച്ചു.

അപ്പോഴേക്ക് വിചിത്രമായ ഒരു സംഭവം ഉണ്ടായി. പ്രൊഡ്യൂസർ ആയ ഷാജി മാത്യു എന്നോട് പറയാതെ രതീഷിനെ വിളിച്ച് പാട്ടിന്റെ stem files ആവശ്യപ്പെട്ടു. അത് അറിഞ്ഞതോടെ എനിക്ക് പാട്ടിന്റെ കണ്ടന്റ് തന്നെ നശിപ്പിക്കാൻ ശ്രമമുണ്ടെന്ന സംശയം ബലപ്പെട്ടു. പാട്ടിന്റെ വിഷ്വലുകൾ എഡിറ്റ് ചെയ്ത് ഞാൻ മനോരമ മ്യൂസിക്കിന് നെരിട്ട് തന്നെ അയച്ചുകൊടുത്തു. എന്നാൽ അപ്പോഴേക്കും ഞാൻ അയച്ചുകൊടുത്ത കണ്ടന്റ് മാറ്റി മറ്റൊരു കണ്ടന്റ് അപ്‌ലോഡ് ആവശ്യപ്പെട്ടുകൊണ്ട് "പ്രൊഡ്യൂസറുടെ ആളുകൾ" അവിടെ എത്തി എന്ന് ഞാൻ അറിഞ്ഞു. അതോടെ എന്റെ സംശയം ഉറപ്പിക്കപ്പെട്ടു. വളരെ പ്രയാസപ്പെട്ടാണ് ഇസ്തക്കോ 28/8/2021 ന് റിലീസ് ചെയ്യുന്നത്. എന്‍റെ ജീവൻ അപായപ്പെടുത്താൻ ശ്രമം നടക്കുന്നതായി എനിക്ക് ചില സൂചനകൾ ലഭിച്ചതുകൊണ്ട് ഞാൻ കേരളം വിട്ടു.

ഇസ്തക്കോ റിലീസ് ആയപ്പോൾ മഞ്ജുവാര്യരുടെ പോസ്റ്റുകളിൽ നിന്നും അവർ മറ്റെന്തൊക്കെയോ സംഘർഷങ്ങൾ അനുഭവിക്കുന്നു എന്ന് എനിക്ക് തോന്നി. അവരെ ഫോണിൽ ബന്ധപ്പെട്ടാൽ മറുപടി ലഭിക്കാത്തതുകൊണ്ട് നേരിൽ കണ്ട് സംസാരിക്കുന്നതിനായി ഞാൻ 2021 ഡിസംബറിൽ കോട്ടയത്തെത്തി. അവിടെ അവർ ഒരു റെസ്റ്റോറന്‍റ് ഉദ്‌ഘാടനത്തിന് വന്നതായിരുന്നു. പതിവുപോലെ ബിനു നായർ, ബിനീഷ് ചന്ദ്രൻ എന്നിവർ ഒപ്പമായിരുന്നു അവർ. കൂടാതെ ഒരു കൂട്ടം "സുരക്ഷാഭടന്മാരും" അവരുടെ അടുത്തേക്ക് ഒരു ഈച്ചയെപ്പോലും കടത്തിവിടാതെ സൂക്ഷിക്കുന്നുണ്ടായിരുന്നു. എനിക്ക് മഞ്ജു വാര്യരെ കണ്ട് സംസാരിക്കണമെന്ന് ഞാൻ ബിനു നായരോട് ആവശ്യപ്പെട്ടപ്പോൾ അയാൾ എന്നെ ബിനീഷ് ചന്ദ്രന്റെ അടുത്തേക്ക് കൊണ്ടുപോയി. അയാൾക്കൊപ്പമുണ്ടായിരുന്ന മഞ്ജു വാര്യർ എന്നെ അഭിവാദ്യം ചെയ്തു എങ്കിലും എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് "നമുക്ക് പുറത്തിറങ്ങി സംസാരിക്കാം ചേട്ടാ" എന്ന് പറഞ്ഞതും സുരക്ഷാഭടന്മാർ അവരെയും കൊണ്ട് മിന്നൽ പോലെ പുറത്തിറങ്ങി അവരുടെ കാറിലേക്ക് തള്ളിക്കയറ്റുന്നപോലെ അവർ കയറി. എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് കാർ പാഞ്ഞു പോയി. അവർ ഒരു തടവറയിലാണ് എന്നെനിക്ക് തോന്നി. പിറ്റേ ദിവസം രാവിലെ മഞ്ജു വാര്യർ എന്നെ വിളിച്ചു എങ്കിലും സംസാരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. പിന്നീട് ഞാൻ വിളിച്ചപ്പോൾ അവർ ഫോണെടുത്തുമില്ല. പുറത്തു പറയാൻ കഴിയാത്ത വിധം സങ്കീർണമായ വിഷയങ്ങൾ ആയതിനാൽ എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല. അവരുടെ ഒന്ന് രണ്ട് സുഹൃത്തുക്കളെ വിളിച്ച് ഞാൻ സംസാരിച്ചെങ്കിലും എല്ലാവരും നിസ്സഹായതയോടെയാണ് പ്രതികരിച്ചത്.

കാര്യങ്ങൾ മാറിനിന്ന് നോക്കിക്കാണുമ്പോൾ എനിക്ക് ഇരിക്കപ്പൊറുതി കിട്ടാത്തതുകൊണ്ട് ഞാൻ ഒരു ചെറിയ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. എനിക്ക് അവരോട് "admiration"ഉണ്ട് എന്നാണ് അതിൽ പ്രധാനമായും പറഞ്ഞത്. വിചിത്രമെന്ന് പറയട്ടെ പിറ്റേ ദിവസം രാവിലെ അരൂർ സ്റ്റേഷനിലെ സി.ഐ ആണെന്ന് പറഞ്ഞ് എന്നെ ഒരാൾ വിളിച്ചു. എന്‍റെ പോസ്റ്റിനെക്കുറിച്ച് മഞ്ജു വാര്യർ അയാളോട് പരാതിപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത് അത്. എനിക്കത് അവിശ്വസനീയമായി തോന്നി. ഒരു ജൂറിസ്ഡിക്ഷനും ഇല്ലാതെ അയാളോട് എന്തിന് മഞ്ജു വാര്യർ പരാതിപ്പെടണം എന്ന് ഞാൻ ചോദിച്ചു. സൗമ്യമായി തുടങ്ങിയ സംസാരം പിന്നീട് ഭീഷണിയിലേക്ക് മാറിയതോടെ അയാളോട് നിയമപരമായി നീങ്ങാൻ പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു.

പിന്നീട് മഞ്ജു വാര്യർ തന്നെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. ഞാനവരോട് പ്രണയം പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രണയാതുരനായി പിന്നാലെ നടക്കുകയാണ് എന്ന് ധരിക്കരുത്. അവരുടെ ജീവൻ അപകടത്തിലാണെന്ന തോന്നൽ എനിക്ക് വളരെ ശക്തമായി ഉണ്ട്.

വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്ന് തുടക്കം മുതൽ തോന്നിയിരുന്നു. അന്വേഷണം അതിന്‍റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സർക്കാർ തന്നെ ലജ്ജയില്ലാതെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ഞാൻ ബലമായി സംശയിക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News