സംവിധായകൻ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട്

രാവിലെ ഒമ്പതു മണി മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കും

Update: 2023-08-09 02:44 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് ആറു മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും ഖബറടക്കം. രാവിലെ ഒമ്പതു മണി മുതൽ എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും. ഉച്ചയോടെ പൊതുദർശനം അവസാനിപ്പിക്കും. തുടർന്ന് മൃതദേഹം കാക്കനാട്ടെ വീട്ടിലെത്തിക്കും.

മലയാളി പ്രേക്ഷകരിൽ ചിരിയുടെ പുതിയ മേളങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനും സംവിധായകനുമാണ് സിദ്ദിഖ്. ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലവും  വലിയ ഹിറ്റ് ഗോഡ്ഫാദറടക്കം സിദ്ദിഖ് - ലാൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ചത് പുതിയ അനുഭവങ്ങളാണ്. തമാശ മാത്രമല്ല, സ്നേഹവും സൗഹൃദവും പ്രണയവും വിരഹവും സിദ്ദിഖിന്റെ കയ്യിൽ ഭദ്രമാണ്.

ലാലിനൊപ്പം ചേർന്നൊരുക്കിയ റാംജി റാവു സ്പീക്കിങ് തീയേറ്ററുകളിൽ വൻ വിജയം നേടി. പുതിയൊരു കൂട്ടുകെട്ടിന്റെ കൂടി പിറവിയായിരുന്നു അത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം സിനിമാസ്വാദകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. അതുവരെയുള്ള സിനിമ സമവാക്യങ്ങളെയൊക്കെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. നാല് യുവാക്കളുടെ പ്രണയവും അവർ ചെന്നുപെടുന്ന പുലിവാലുകളും ഇൻ ഹരിഹർ നഗറിലൂടെ സ്ക്രീനിലെത്തിയപ്പോൾ ഹരിഹർ നഗർ കോളനിയും അവിടുത്തെ ആൾക്കാരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി.

അഞ്ഞൂറാന്റേയും ആനപ്പാറ അച്ചാമ്മയുടേയും വർഷങ്ങൾ നീണ്ട കുടിപ്പകയുടെ കഥ പറഞ്ഞ ഗോഡ്ഫാദർ, മാസങ്ങളോളം തീയറ്ററുകൾ അടക്കിവാണു. രാമഭദ്രനെയും മാലുവിനെയും അവരുടെ പ്രണയത്തെയും യുവാക്കൾ ഏറ്റെടുത്തു. വിയറ്റ്നാം കോളനിയും കാബൂളിവാലയുമൊക്കെ മലയാളികളുടെ ഇഷ്ട സിനിമകളുടെ പട്ടികയിൽ മുൻപന്തിയിലേക്ക് കയറി. പിന്നീട് സ്വതന്ത്ര സംവിധായകനായി എത്തിയപ്പോഴും സിദ്ദിഖ് പ്രേക്ഷകരെ  നിരാശപ്പെടുത്തിയില്ല. 1997ൽ എത്തിയ ഹിറ്റ്ലർ , സഹോദര സ്നേഹത്തിന്റെയും പകയുടേയും കഥ പറഞ്ഞപ്പോൾ ഫ്രണ്ട്സിലൂടെ യഥാർഥ സൗഹൃദത്തിന്റെ ആഴവും സ്നേഹവും മലയാളികൾ തൊട്ടറിഞ്ഞു.

ഫ്രണ്ട്സിന്റെ റീമേക്കിലൂടെ തമിഴിലും സിദ്ദിഖ് വരവറിയിച്ചു. 2003ൽ മമ്മൂട്ടിയും മുകേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ക്രോണിക്ക് ബാച്ചിലർ സിനിമാസ്വാദകരെ കുടുകുടെ ചിരിപ്പിച്ചു. 2010 ൽ ദിലീപിനെ നായകനാക്കി ഒരുക്കിയ ബോഡിഗാർഡ് തീയറ്ററുകളിൽ വൻ വിജയമായി. ബോഡി ഗാർഡിന്റെ തമിഴ്, ഹിന്ദി പതിപ്പുകളും ആരാധകർ ഏറ്റെടുത്തു. സൽമാൻ ഖാനെ നായകനാക്കി 60 കോടി മുടക്കിൽ ഒരുക്കിയ ഹിന്ദി പതിപ്പ് 252 കോടിയാണ് നേടിയത്.

2020ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ബിഗ് ബ്രദറാണ് സിദ്ദിഖിന്റേതായി അവസാനമെത്തിയ സിനിമ. ചിത്രം പ്രതീക്ഷിച്ചത്ര തീയറ്റർ വിജയം നേടിയില്ലെങ്കിലും പ്രേക്ഷക പ്രശംസ നേടി. ഒരു കഥാപാത്രത്തിന്റെ പേരിൽ എന്തിരിക്കുന്നു എന്ന പതിവ് ചോദ്യത്തിന് ഒരു പേരിനുംപ്രേക്ഷകനെ പിടിച്ചിരുത്താനുള്ള കഴിവുണ്ടെന്ന് മനസിലാക്കി തന്നത് സിദ്ദിഖായിരുന്നു. മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഗർവാസീസ് ആശാനും ഗോഡ്ഫാദറിലെ അഞ്ഞൂറാനും ഫ്രണ്ട്സിലെ ലാസർ എളേപ്പനും ക്രോണിക്ക് ബാച്ചിലറിലെ കുരുവിയുമൊക്കെ മലയാളികളുടെ നിത്യ ജീവിതത്തിലെ പദപ്രയോഗങ്ങളിൽ സ്ഥിര സാന്നിധ്യമായി.

മലയാള സിനിമാ ചരിത്രത്തിൽ ഒരു പൊട്ടിച്ചിരിയോളം പോന്ന ഓർമ്മയായി സിദ്ദിഖ് തിരശീലയിലേക്ക് മറയുകയാണ്. സിദ്ദിഖ് കൈവെച്ച സിനിമകൾ തലമുറകളെ ചിരിപ്പിക്കും, കരയിക്കും. കഥകൾ യുവാക്കളെ പ്രചോദിപ്പിക്കും. മലയാള സിനിമയിൽ മായാത്ത ഹിറ്റ് ചിത്രമായി കാലം സിദ്ദിഖിനെ ഓർമിക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News