നക്ഷത്രങ്ങളുടെ രാജകുമാരന്‍;മമ്മൂട്ടിയുടെ അപൂര്‍വ ഡോക്യുമെന്‍ററിയുമായി ദൂരദര്‍ശന്‍
2O വര്‍ഷം പഴക്കമുള്ള ഡോക്യുമെന്‍ററി രണ്ട് ഭാഗങ്ങളായാണ് പുറത്തിറക്കിയിരിക്കുന്നത്
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയെക്കുറിച്ചുള്ള 20 വര്‍ഷം പഴക്കമുള്ള അപൂര്‍വ ഡോക്യുമെന്‍ററി ഡിജിറ്റല്‍ റിലീസ് ചെയ്ത് ദൂരദര്‍ശന്‍. തോമസ്.ടി കുഞ്ഞുമോന്‍ സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്‍ററി ഇപ്പോള്‍ രണ്ട് ഭാഗങ്ങളായാണ് ദൂരദര്‍ശന്‍റെ യൂ.ട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടി ജനിച്ച് വളര്‍ന്ന ചെമ്പ് ഗ്രാമത്തില്‍ നിന്നാരംഭിച്ച് അദ്ദേഹം പഠിച്ച് വളര്‍ന്ന കലാലയം ജോലി ചെയ്തിരുന്ന കോടതി സിനിമാ ജീവിതം തുടങ്ങി മമ്മൂട്ടിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളിലേക്ക് പ്രേക്ഷകനെ ഡോക്യുമെന്‍ററി കൂട്ടിക്കൊണ്ട് പോകുന്നു.
മമ്മൂട്ടിയുടെ സുഹൃത്തുകളും സിനിമയിലെ സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തെക്കുറിച്ച അഭിപ്രായങ്ങള്‍ ഡോക്യുമെന്‍ററിയിലുടനീളം പങ്ക് വക്കുന്നുണ്ട്. മമ്മൂട്ടിയുടെ വീടും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ബാല്യവുമൊക്കെ കാണിക്കുന്ന ഡോക്യുമെന്‍ററിയില്‍ മോഹന്‍ ലാല്‍,എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ്, കെ. മധു, ലോഹിതദാസ് തുടങ്ങിയവര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്
കള്ളിക്കാട് രാമചന്ദ്രൻ തിരക്കഥയും മോഹൻസിതാര സംഗീതവും ഡി തങ്കരാജ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ശബ്ദവിവരണം രവി വള്ളത്തോളാണ് നിര്‍വഹിച്ചിരിക്കുന്നത്.