'അന്തസ് വേണം'; കേസ് കൊടുക്കുമെന്ന് കങ്കണ, അവാർഡ് നോമിനേഷൻ പിൻവലിച്ച് ഫിലിം ഫെയർ
ഇന്ത്യൻ സിനിമയെ ഒന്നിപ്പിക്കുന്നതിന്റെ കൂട്ടായ ആഘോഷത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ, കങ്കണക്ക് അവാർഡ് നൽകാൻ ഉദ്ദേശിച്ചിരുന്നില്ല
ഒരു കാലത്ത് മികച്ച അഭിനേത്രി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നതെങ്കിൽ ബോളിവുഡ് നടി കങ്കണ ഇന്ന് അറിയപ്പെടുന്നത് വിവാദ പ്രസ്താവനകളുടെ പേരിലാണ്. ബോളിവുഡിന്റ റാണി എന്ന പദവിയിൽ നിന്ന് വിവാദങ്ങളുടെ തോഴി എന്ന വിശേഷണത്തിലേക്ക് എത്താൻ അധിക ദൂരമൊന്നും കങ്കണക്ക് സഞ്ചരിക്കേണ്ടി വന്നില്ല. അവരുടെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ തന്നെ ധാരാളമാണ്. മോദി സർക്കാരിനെ പിന്തുണക്കുന്നതിലൂടെയും സംഘപരിവാർ അജണ്ടകൾ പ്രചരിപ്പിക്കുന്നതിലൂടെയും നടി പലപ്പോഴും പുലിവാല് പിടിക്കാറുണ്ട്. ഇപ്പോഴിതാ കയ്യിൽ വന്ന ഫിലിം ഫെയർ അവാർഡാണ് കങ്കണക്ക് നഷ്ടമായിരിക്കുന്നത്.
ബോളിവുഡിലെ പ്രമുഖ മാഗസിനായ ഫിലിം ഫെയർ 'തലൈവി' എന്ന ചിത്രത്തിലെ പ്രകടനത്തിന് കങ്കണയെ നോമിനേറ്റ് ചെയ്‌തെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. തന്നെ നോമിനേറ്റ് ചെയ്തതിന് കേസ് കൊടുക്കുമെന്ന നടിയുടെ വിചിത്ര വാദത്തിന് പിന്നാലെയായിരുന്നു നോമിനേഷൻ റദ്ദാക്കിയത്. ആഗസ്ത് 30ന് മുംബൈയിലെ ബികെസിയിലുള്ള ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ഫെയർ അധികൃതർ വിളിച്ചതാണ് കങ്കണയെ പ്രകോപിപ്പിച്ചത്.
'2014 മുതൽ ഫിലിം ഫെയർ പോലെ അധാർമികവും അഴിമതി നിറഞ്ഞതുമായ പരിപാടികളിൽ പങ്കെടുക്കുന്നത് ഞാൻ നിർത്തിയതാണ്. എന്നിട്ടും, അവാർഡ് വാങ്ങണമെന്ന് പറഞ്ഞ് നിരന്തരം കോളുകൾ വരുമായിരുന്നു. തലൈവിക്ക് വേണ്ടിയാണ് അവരെന്നെ നോമിനേറ്റ് ചെയ്തതെന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അന്തസില്ലാത്ത പ്രവർത്തിയാണിത്. ഇത്തരം അഴിമതി പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നത് എന്റെ ധാർമികതക്ക് എതിരാണ്. അതിനാൽ, ഫിലിം ഫെയറിനെതിരെ കേസ് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്'; കങ്കണ സമൂഹ മാധ്യമത്തിൽ കുറിച്ചു.
അതേസമയം, കങ്കണയുടെ ആരോപണങ്ങൾ ഫിലിം ഫെയർ തള്ളി. കങ്കണക്ക് അവാർഡ് നൽകാൻ തീരുമാനിച്ചിരുന്നില്ലെന്നാണ് മാഗസിൻ അധികൃതർ പറയുന്നത്. ഇന്ത്യൻ സിനിമയെ ഒന്നിപ്പിക്കുന്നതിന്റെ കൂട്ടായ ആഘോഷത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ, കങ്കണക്ക് അവാർഡ് നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. തലൈവി എന്ന സിനിമയിലെ അഭിനയത്തിന് അവർക്ക് നോമിനേഷൻ ലഭിച്ചിരുന്നു. അത് നടിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ റദ്ദാക്കിയിട്ടുണ്ടെന്നും ഫിലിം ഫെയർ അറിയിച്ചു. ഈ അനാശാസ്യ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇത്തരം ക്ഷുദ്രകരമായ അവാർഡ് ഷോകൾ നിർത്തുക. കോടതിയിൽ കാണാമെന്നായിരുന്നു ഫിലിം ഫെയറിന്റെ പ്രസ്താവനയോടുള്ള കങ്കണയുടെ പ്രതികരണം.
കങ്കണയുടെ ഒടുവിൽ റിലീസായ ധാക്കഡ് എന്ന സിനിമ തിയേറ്ററിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 80 കോടി മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയ്ക്ക് മുടക്കു മുതലിന്റെ പകുതി പോലും നേടാനായില്ല. കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായാണ് ധാക്കഡ് വിലയിരുത്തപ്പെടുന്നത്.