മ്യാന്മറിൽ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത അഭയാർഥികളുടെ കഥയുമായി 'ഫ്ലോട്ടിങ് ബോഡീസ്; ആദ്യാവതരണം ഇന്ന് ബേപ്പൂരിൽ
റോഹിങ്ക്യൻ ഫോട്ടോഗ്രാഫുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കലക്ടീവായ പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ് 'ഫ്ലോട്ടിങ് ബോഡീസ്' എന്ന അവതരണം
കോഴിക്കോട്: മ്യാന്മറിൽ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത അഭയാർഥികളുടെ ഫോട്ടോഗ്രാഫുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 'ഫ്ലോട്ടിങ് ബോഡീസ്' എന്ന പേരിലുള്ള സമകാലിക അവതരണം ബേപ്പൂർ കലാഗ്രാമിൽ ഇന്ന് വൈകീട്ട് 7.30 pm നും 10pm നും നടക്കും. ടെക്നോ ജിപ്‌സിയുടെ നേതൃത്വത്തിൽ അഭീഷ് ശശിധരനാണ് ആശയാവിഷ്കാരം നടത്തിയിരിക്കുന്നത്. റോഹിങ്ക്യൻ ഫോട്ടോഗ്രാഫുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കലക്ടീവായ പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ് 'ഫ്ലോട്ടിങ് ബോഡീസ്' എന്ന അവതരണം.
അപരിചിതമായ മണ്ണിലെത്തപ്പെട്ട രണ്ട് ശരീരങ്ങളാണ് അരങ്ങിൽ. നിസ്സഹായതയും, പേടിയും, പ്രതീക്ഷയും അനുഭവിക്കുന്ന അവർ ചലിക്കുന്നു. ചിലപ്പോൾ നിശ്ചലരാകുന്നു. ആ സന്ദർഭത്തെ സമാന്തരമായി സ്വന്തം ശരീരങ്ങളിലൂടെ ഒരു മൂവ്മെൻറ് ആർട്ടിസ്റ്റും ഒരു ഫോട്ടോഗ്രാഫറും അവതരിപ്പിക്കുന്നതാണ് 'ഫ്ലോട്ടിങ് ബോഡീസ്'. ശബ്‍ദത്തിൻ്റെ സാധ്യതകളുപയോഗിച്ച് ആ അവസ്ഥയെ അന്വേഷിക്കുന്ന സൗണ്ട് ആർട്ടിസ്റ്റും ഒപ്പമുണ്ട്. കൊറിയോഗ്രാഫറും മൂവ്മെന്‍റ് ആർട്ടിസ്റ്റുമായ ഫവാസ് അമീർ ഹംസ, തിയറ്റർ ഫോട്ടോഗ്രാഫർ സുധീർ സി എന്നിവരാണ് അരങ്ങിൽ. സൗൻഡ്‌സ്‌കേപ്പ് രൂപകൽപന ലാമിയും, കുമാരദാസ് റ്റി എൻ ക്രിയേറ്റീവ് ഇൻപുട്സും, ശ്രീദേവി ഡി ക്രിട്ടിക്കൽ ഇൻപുട്സും, പ്രജീഷ് എ.ഡി പോസ്റ്റർ, ബ്രോഷർ എന്നിവ നിർവഹിച്ചിരിക്കുന്നു.
ആദ്യമധ്യാന്തങ്ങളില്ലാത്ത ഞെട്ടലുണ്ടാക്കുന്ന ചിട്ടപ്പെടുത്താത്ത നാടകീയമല്ലാത്ത ഒരുപാട് നിശ്ചലതകൾ. ക്ലോക്കിന്‍റെ സമയത്തിനപ്പുറമുള്ള നിശ്ചലതയെ അന്വേഷിക്കുകയാണിവിടെ. സീറ്റുകൾ പരിമിതം. ബുക്കിങ്ങിന്, വിവരങ്ങൾക്ക് : +91 9676145161