'നിറഞ്ഞ ചിരിയോടെ മലയാളികളുടെ സ്‌നേഹം കവർന്ന കലാകാരി'; സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടൽ മാറാതെ മലയാള സിനിമാലോകം
ഏറെ ഭാവിയുള്ള കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
കൊച്ചി: സത്യമാകരുതേ എന്ന് പലരും പ്രാർഥിച്ച, ആഗ്രഹിച്ചതായിരുന്നു സുബി സുരേഷിന്റെ മരണവാർത്ത. മലയാളികൾക്ക് അത്രയേറെ സുപരിചിതയായ അവതാരികയും നടിയും കോമഡി താരവുമായിരുന്നു സുബി സുരേഷ്. രാവിലെയായിരുന്നു കൊച്ചി രാജഗിരി ആശുപത്രിയിൽവെച്ച് സുബി സുരേഷ് അന്തരിച്ചത്. സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.സുബിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രയപ്പ് നല്‍കുകയാണ് മലയാള സിനിമാ മലയാള സിനിമാലോകം.
'നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്‌നേഹം കവർന്ന പ്രിയപ്പെട്ട കലാകാരി സുബി സുരേഷ് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ'.. മോഹൽലാൽ സുബിക്ക് ആദരാഞ്ജലി നേർന്നത് ഇങ്ങനെയായിരുന്നു. സുബി സുരേഷിന് ആദരാഞ്ജലികൾ എന്ന് മമ്മൂട്ടിയും സോഷ്യൽമീഡിയയിൽ കുറിച്ചു.
മറക്കാത്ത ഓർമ്മയായി സുബി എന്നായിരുന്നു നടൻ ദിലീപ് പങ്കുവെച്ചത്.
കൽപനക്ക് ശേഷം നമ്മളെ ചിരിപ്പിച്ച നിഷ്‌കളങ്കയായ കലാകാരി സുബി സുരേഷ് യാത്രയായി. ഉള്ളുലയുന്ന വേദനയിലും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന തന്റെ ദൗത്യം ഭംഗിയായി നിർവഹിച്ച അഭിനേത്രിക്ക് ആദരാഞ്ജലികൾ എന്നാണ് സംവിധായകന് വിനയൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.
ജയറാം,കുഞ്ചോക്കോ ബോബൻ, ഭാവന തുടങ്ങി നിരവധി പേർ സുബിക്ക് ആദരാഞ്ജലി നേർന്നു.
ഏറെ ഭാവിയുള്ള കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.'ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു'. മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
സുബി സുരേഷിന്റെ വിയോഗം കലാരംഗത്ത് നികത്താൻ ആകാത്ത നഷ്ടമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വാക്കുകൾ.
കഴിഞ്ഞ മാസം 28 ന് ആണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സുബി യെ പ്രവേശിപ്പിച്ചത്. രോഗ പ്രതിരോധശേഷി കുറവായതിനാൽ മരുന്നുകളാട് ശരീരം ഒരു ഘട്ടത്തിലും പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കേയായിരുന്നു രാവിലെ 9.30 ഓടെ സുബി സുരേഷിൻ്റെ വിയോഗം.
ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണിക്ക് വരാപ്പുഴയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് പുത്തൻപള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ടോടെ പൊതു ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.