ഹേമ കമ്മിറ്റി റിപ്പോർട്ട്; നിലപാട് വ്യക്തമാക്കാതെ സിനിമാ സംഘടനകൾ
റിപ്പോർട്ട് കണ്ടിട്ടില്ല എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം
തിരുവനന്തപുരം: നാലുവർഷത്തിനുശേഷം പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ രംഗത്ത് വലിയ കോളിളക്കം ഉണ്ടാക്കും. റിപ്പോർട്ടിന്മേൽ നിലപാട് വ്യക്തമാക്കാൻ സിനിമാ സംഘടനകൾ തയ്യാറായിട്ടില്ല. അധികം താമസമില്ലാതെ സിനിമാനയം രൂപീകരിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. എന്നാൽ റിപ്പോർട്ട് കണ്ടിട്ടില്ലെന്നായിരുന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
സിനിമാതാരങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിൽക്കേണ്ട അമ്മ എന്ന സംഘടന സ്ത്രീകളുടെ കാര്യത്തിൽ പൂർണ പരാജയമായി എന്ന് സാക്ഷികൾ കമ്മിറ്റിക്ക് മുന്നിൽ തുറന്നടിച്ചു. സെറ്റുകളിൽ വസ്ത്രം മാറുന്നതിനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും സൗകര്യമില്ല എന്ന് പറഞ്ഞിട്ടും സംഘടന ഇടപെട്ടില്ല എന്ന് ചിലർ വിഷമം പറഞ്ഞു. കുറ്റിക്കാടിൻ്റെയും മരങ്ങളുടെയും മറവിൽ വസ്ത്രം മാറേണ്ടി വന്നു എന്നും സാക്ഷികളുടെ മൊഴി.
റിപ്പോർട്ട് പൊതുസമൂഹത്തിൽ ഞെട്ടൽ ഉണ്ടാക്കിയെങ്കിലും അമ്മ ഭാരവാഹികൾക്ക് അങ്ങനൊരു മട്ടില്ല. ഏറെനാളായി ചർച്ച ചെയ്യുന്ന സിനിമാനയം എന്ന പ്രഖ്യാപനം ഉണ്ടാവുമോ ഇല്ലയോ എന്ന ചോദ്യത്തിന് സർക്കാർ ഉത്തരം നൽകേണ്ടതുണ്ട്. എന്നാൽ റിപ്പോർട്ട് കണ്ടിട്ടേയില്ല എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.