എന്നും പേരക്ക കഴിച്ചാലോ?
പേരക്ക ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തും
പലർക്കും ഇഷ്ടപ്പെട്ട പഴമാണ് പേരക്ക. പല തരത്തിലും നിറത്തിലും പേരക്ക കാണപ്പെടാറുണ്ട്. സുലഭമായി ലഭിക്കുന്ന ഇവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും കാര്യമായ അറിവില്ല. പേരക്ക മാത്രമല്ല പേരക്കയുടെ ഇലക്കും ധാരാളം ഔഷധ ഗുണങ്ങളുണ്ട്. പേരക്ക ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ദഹന പ്രക്രിയ സുഖമമാക്കാനും, ശരീരഭാരം കുറക്കാനും സഹായിക്കും. നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക.
1. പ്രതിരോധശേഷി
പ്രതിരോധശക്തിക്കാവശ്യമായ വിറ്റാമിൻ സി ഉൾപ്പെടെയുള്ള ധാതുക്കൾ പേരക്കയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ബാക്ടീരിയ, ഫംഗസ് എന്നിവക്കെതിരെ പോരാടാനുള്ള കഴിവ് ശരീരത്തിന് ലഭിക്കും
2. മലവിസർജ്ജനം
പേരക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ മലവിസർജ്ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറക്കാൻ സഹായിക്കും. കുടൽ ശുദ്ധീകരിക്കുന്നതിനായി എല്ലാ ദിവസവും പേരക്ക കഴിക്കാൻ ആരോഗ്യവിദഗ്ദർ നിർദേശിക്കുന്നു.
3. പ്രമേഹം കുറയാൻ
പേരക്കയിലെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാൻ സഹായിക്കും. ഫൈബർ ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും ചെയ്യും.
4. സമ്മർദ്ദം ഒഴിവാക്കുന്നു
പേരക്കയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മസിലുകളുടെ പിരിമുറുക്കം ഒഴിവാക്കാൻ സാധിക്കും. ആവശ്യത്തിന് പേരക്ക കഴിക്കുന്നതിലൂടെ ശരീരത്തിൻറെ സമ്മർദ്ദം കുറയ്ക്കാനും കഴിയും.
5. ശരീരഭാരം കുറക്കാൻ
റഫേജിന്റെ മികച്ച ഉറവിടമായ പേരക്കയിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഇത് സഹായിക്കും. തൈറോയ്ഡ് മെറ്റബോളിസം നിയന്ത്രിക്കാൻ സഹായിക്കുന്ന പേരക്ക ആരോഗ്യത്തിന് നല്ലതാണ്.