'ഒരു പാർട്ടിയുടെയും ആളല്ല ഞാൻ, ആഹ്ളാദം പ്രകടിപ്പിച്ചത് വിനായകനെ കണ്ട്'; ജോജു ജോര്‍ജ്
''ഞാൻ ധരിച്ചത് ചുവപ്പു ഷർട്ട് ആണെന്നു പറഞ്ഞ് അവിടെയും തെറ്റിദ്ധാരണകൾ സൃഷ്ടിച്ചു''
കൊച്ചിയില്‍ എല്‍.ഡി.എഫിന്‍റെ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന ജോജു ജോര്‍ജിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇടതു അനുകൂല പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരിപ്പിച്ച വീഡിയോക്കെതിരെ പിന്നീട് യു.ഡി.എഫ് അണികളില്‍ നിന്നും വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇതില്‍ വിശദീകരണവുമായി ജോജു ജോര്‍ജ് രംഗത്തുവന്നു.
എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപം സംവിധായകന്‍ ലാല്‍ ജോസിന്‍റെ സിനിമയുടെ ചിത്രീകരണാവശ്യത്തിനു വന്നതായിരുന്നെന്നും അവിടേക്ക് യാദൃശ്ചികമായെത്തിയ വിനായകനെ കണ്ടപ്പോള്‍ സൗഹ്യദം പങ്കിട്ട നിമിഷങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കപ്പെട്ടതാണെന്നും ജോജു വ്യക്തമാക്കി.
അവിടെ ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല. ഉറ്റചങ്ങാതിയായ വിനായകനെ പെട്ടെന്നു കണ്ടതിന്‍റെ സന്തോഷത്തില്‍ ഓടി വന്നതാണ്. വിനായകന്‍ ഏറ്റവും അടുത്ത സുഹൃത്താണ്. തമ്മില്‍ കാണുമ്പോള്‍ ഒച്ചയിട്ടും കൈതാളമടിച്ചും ആഹ്ളാദം പ്രകടിപ്പിക്കുന്നവരാണ് ഞങ്ങള്‍. ആ സൗഹ്യദത്തിന്‍റെ തുടര്‍ച്ചയാണ് അവിടെ സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗിക സമ്മേളനമല്ല. എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്'; ജോജു ചോദിച്ചു. മനോരമ ഓണ്‍ലൈനിനാണ് ജോജു വിശദീകരണം നല്‍കിയത്.
ഞാൻ ധരിച്ചത് ചുവപ്പു ഷർട്ട് ആണെന്നു പറഞ്ഞ് അവിടെയും തെറ്റിദ്ധാരണകൾ സൃഷ്ടിച്ചു. ഈ സിനിമയിൽ ഞാനൊരു പൊലീസുകാരനായാണ് അഭിനയിക്കുന്നത്. ആ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലായിരുന്നു ഞാൻ അപ്പോൾ. ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. വർഷങ്ങളോളം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച് ആത്മാർഥമായി കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയ ആളാണ് ഞാൻ. അങ്ങനെ ഒരാൾ ഒരു പാർട്ടിക്കു വേണ്ടി ഇതുപോലെ ചെയ്യുമെന്ന് വിചാരിക്കുന്നുണ്ടോ? ഒരു പാർട്ടിയുടെയും ആളല്ല ഞാൻ. എനിക്കുവേണ്ടി ശബ്ദിച്ചതിന്‍റെ പേരിലല്ല ഈ പീഡനം. നിശബ്ദനായി ഇരിക്കാൻ എനിക്ക് അറിയില്ല. സന്തോഷം വരുമ്പോൾ പൊട്ടിച്ചിരിക്കുകയും സങ്കടം വരുമ്പോള്‍ കരയുകയും ചെയ്യുന്ന സാധാരണ മനുഷ്യന്‍ തന്നെയാണ് ഞാനും. കുറെയേറെ പിടിച്ചു നിന്നു. സത്യത്തിനു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമൊക്കെ പക്ഷേ ഇപ്പോൾ ചോർന്നുപോകുന്നു- ജോജു പറഞ്ഞു.
കൊച്ചി കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍റെ വിജയാഹ്ളാദ പ്രകടനത്തിലാണ് വിനായകനും ജോജുവും ഇലത്താളം മുഴക്കി ഡാന്‍സ് ചെയ്തത്. 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിന്ദു ശിവന്‍ ജയിച്ചത്. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് ആണിത്. സിപിഎം സ്ഥാനാര്‍ഥി ബിന്ദു ശിവന്‍ 2950 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2263 വോട്ടുകളാണ്.