'പ്രായമായി, ഇനി കാമുകനാവാനില്ല'; പ്രണയകിരീടം അഴിച്ചുവെച്ച് കിംഗ് ഖാൻ
തന്നെക്കാൾ പ്രായം കുറഞ്ഞ നടിമാരോടൊപ്പം റൊമാൻസ് ചെയ്യുമ്പോൾ ചില സമയങ്ങളിൽ തനിക്ക് അരോചകമായി തോന്നാറുണ്ടെന്നും താരം
ഇനി റൊമാന്റിക് ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ. തന്നെക്കാൾ പ്രായം കുറഞ്ഞ നടിമാരോടൊപ്പം റൊമാൻസ് ചെയ്യുമ്പോൾ ചില സമയങ്ങളിൽ തനിക്ക് അരോചകമായി തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി. രാഹുലോ രാജോ പോലുള്ള കഥാപാത്രങ്ങളെ മിസ് ചെയ്യുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ഇൻസ്റ്റഗ്രാം ലൈവിൽ മറുപടി നൽകുകയായിരുന്നു ഷാരൂഖ്.
കുച്ച് കുച്ച് ഹോത്താ ഹേയിലെ രാഹുൽ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയുടെ രാജ്, തുടങ്ങിയ അവസ്മരണീയ കഥാപാത്രങ്ങളെല്ലാം ഏറെ ജനപ്രീതി നേടിയവയാണ്. ഇപ്പോൾ അത്തരം പ്രണയചിത്രങ്ങളിൽ അഭിനയിക്കാനുള്ള മനസികാവസ്ഥയിൽ അല്ല താനെന്നും ഷാരൂഖ് പറഞ്ഞു. ''ഇത് വിചിത്രമായി തോന്നാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ രാഹുലിനെ ചെയ്തത് എപ്പോഴാണെന്ന് എനിക്ക് ഓർമയില്ല. 'രാഹുൽ, നാം തോ സുന ഹോഗാ' എന്ന് മാത്രം ഞാൻ ഓർക്കുന്നു. അതുകൊണ്ട്, ഞാൻ വേഷങ്ങൾ/കഥാപാത്രങ്ങൾ മിസ് ചെയ്യാറില്ല. കൂടാതെ, റൊമാന്റിക് സിനിമകൾ ചെയ്യാനുള്ള പ്രായം കഴിഞ്ഞെന്ന് എന്ന് ഞാൻ കരുതുന്നു. ചില സമയങ്ങളിൽ അരോചകമായി തോന്നും. വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ നായിക എന്നെക്കാൾ ചെറുപ്പമായിരുന്നു. അന്ന് അവരോടൊപ്പം ഒരു റൊമാന്റിക് സീൻ ചെയ്യുന്നത് എനിക്ക് വിഷമകരമായിരുന്നു. എനിക്ക് അൽപ്പം നാണം തോന്നി. എന്നാലും ഞാനൊരു അഭിനേതാവാണ്. ഞാൻ അവരുടെ പ്രായമാണെന്ന് സങ്കൽപ്പിക്കണം. രാഹുലിനെയോ രാജിനെയോ പോലെയുള്ള കഥാപാത്രങ്ങൾ ചെറുപ്പക്കാർക്കുള്ളതായിരിക്കാം,''- ഷാരൂഖ് ഖാൻ പറഞ്ഞു. തനിക്ക് ഈ കഥാപാത്രങ്ങൾ തന്നതിന് ആദിത്യ ചോപ്രയ്ക്കും കരൺ ജോഹറിനും ഷാരൂഖ് നന്ദിയും അറിയിച്ചു.
സിനിമയിൽ എത്തിയപ്പോൾ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവരിൽ എന്റെ ഒരു ഭാഗമുണ്ട്. പിന്നെ പത്താനിൽ ഞാനൊരുപാടുണ്ട്. ഞാൻ ഒരു പത്താൻ ആണെന്ന് എനിക്ക് തോന്നുന്നുവെന്നും ഷാരുഖ് പറഞ്ഞു. ബോളിവുഡിലെ തന്റെ 30 വർഷത്തെ യാത്ര വിലമതിക്കുന്നതാണ്. 30 വർഷം മുമ്പ് ഹേമമാലിനിയുടെ ദിൽ ആഷ്നാ ഹേയുടെ ചിത്രീകരണ വേശകൾ അദ്ദേഹം ഓർത്തെടുക്കുകയും ചെയ്തു. ആളുകളെ പുഞ്ചിരിപ്പിക്കാനും അവരുടെ ദിവസത്തിന് ഒരു മാറ്റമുണ്ടാക്കാനും കഴിയും എന്നതിനാലാണ് താനൊരു നടനാകാൻ ആഗ്രഹിച്ചതെന്ന് ഷാരൂഖ് വ്യക്തമാക്കി.
''എനിക്ക് കഴിയുന്നത്ര ജോലി ചെയ്യാൻ ശ്രമിക്കുമെന്ന് ഞാൻ എപ്പോഴും കരുതുന്നു, കാരണം ഞാൻ ആദ്യമായി ഫൗജി സീരിയൽ ചെയ്യുമ്പോൾ, ഞാൻ ഒരു മുച്ചക്രവാഹനത്തിൽ പോവുകയായിരുന്നു, രണ്ട് സ്ത്രീകൾ എന്നെ നോക്കി 'അഭി' എന്ന് വിളിച്ചുപറഞ്ഞത് ഞാൻ ഓർക്കുന്നു. (കഥാപാത്രത്തിന്റെ പേര്). ആ സമയത്ത്, ഞാൻ സ്വയം തീരുമാനിച്ചു, ഞാൻ അഭിനയിക്കുമെന്നും ആളുകളെ ചിരിപ്പിക്കുമെന്നും, ''അദ്ദേഹം പറഞ്ഞു.
താൻ സിനിമയിൽ 30 വർഷം പൂർത്തിയാക്കിയതായി തോന്നുന്നില്ലെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. ''ഞാൻ എന്റെ ഭാര്യയോടും കുട്ടികളോടും സംസാരിക്കുകയായിരുന്നു. ഇത്രയും കാലം കഴിഞ്ഞതായി ആരും തിരിച്ചറിയുന്നില്ല. അതൊരു ജീവിതകാലമാണ്. പരമാവധി 10 സിനിമകളിലോ ഒന്നുരണ്ടു വർഷമോ ജോലി ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഞാൻ മുംബൈയിൽ എത്തിയത്. അത് നടന്നില്ലെങ്കിൽ, സിനിമയിൽ എന്തെങ്കിലും ജോലി കണ്ടെത്താമെന്ന് ഞാൻ കരുതി, അത് ലൈറ്റ് ബോയിയോ സംവിധാന സഹായിയോ എന്താണെങ്കിലും. കാരണം എനിക്ക് സിനിമകൾ മാത്രമാണ് ഇഷ്ടം,'' അദ്ദേഹം പറഞ്ഞു.
എത്ര കാലമായി താങ്കൾ ഇങ്ങനെ രാവിലെ എഴുന്നേറ്റ് മേക്കപ്പ് ഇട്ട് ജോലിക്ക് പോയി ഒരേ കാര്യം ചെയ്യുന്നുവെന്ന് ഭാര്യ (ഗൗരി ഖാൻ) തന്നോട് നിരന്തരം ചോദിക്കാറുണ്ട്. തനിക്കറിയില്ല. സെറ്റിൽ പോകുന്നതും ഒരാളുടെ ദിവസത്തിന് മാറ്റമുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യുന്നതും തനിക്ക് ആവേശകരമായി തോന്നുന്നുവെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ സിനിമയിലേക്ക് തിരിച്ചുവരുന്നത്. വൈആർഎഫിന്റെ പത്താൻ, തുടർന്ന് അറ്റ്ലിയുടെ ജവാൻ, രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്നിവയാണ് ഷാരൂഖിന്റെ അടുത്ത വർഷങ്ങളിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങൾ.