'ഷൈന്‍ അന്നങ്ങനെ പറഞ്ഞപ്പോള്‍ സങ്കടം തോന്നി, ജാതി വാല്‍ വേണ്ടെന്ന് വെച്ചത് എന്‍റെ പുരോഗമന നിലപാട്'; സംയുക്ത
പേരിന്‍റെ കൂടെ ജാതി വാല്‍ ചേര്‍ത്ത് വിളിച്ചു കേള്‍ക്കുന്നത് ശരിക്കും അരോചകമായാണ് തോന്നാറെന്ന് സംയുക്ത
ജാതി വാല്‍ വേണ്ടെന്ന് പറഞ്ഞത് തന്‍റെ പുരോഗമന നിലപാടായിരുന്നെന്നും ഷൈന്‍ അതിന് മറ്റൊരു വ്യാഖ്യാനം കണ്ടെത്തിയത് കണ്ടപ്പോള്‍ സങ്കടം തോന്നിയതായും നടി സംയുക്ത. പേരിന്‍റെ കൂടെ ജാതി വാല്‍ ചേര്‍ത്ത് വിളിച്ചു കേള്‍ക്കുന്നത് ശരിക്കും അരോചകമായാണ് തോന്നാറെന്നും സംയുക്ത വ്യക്തമാക്കി. 'വിരുപക്ഷ' എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി
'കേരളം പലരീതിയിലും പുരോഗമനപരമായി ചിന്തിക്കുന്നയാളുകളുള്ള ഒരു സ്ഥലമാണ്. അതുകൊണ്ടാണ് ഞാന്‍ ജാതി വാല്‍ മാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുകയെന്നുള്ളത് എനിക്ക് സങ്കടമുണ്ടാക്കിയ കാര്യമാണ്. ജാതി വാല്‍ വേണ്ടെന്ന് തീരുമാനിച്ചത് എന്‍റെ പുരോഗമന നിലപാടാണ്. ഒരു സ്ഥലത്ത് തീരുമാനം പ്രഖ്യാപിച്ചയുടനെ ഇതൊന്നും പെട്ടെന്ന് മാറുന്ന ഒരു കാര്യമല്ല. പിന്നെ മറ്റൊരു സ്ഥലത്ത് പോവുന്ന സമയത്ത് ജാതി വാല്‍ ചേര്‍ത്തു തന്നെയാണ് പേര് വിളിക്കുന്നത്'; സംയുക്ത പറഞ്ഞു.
'ഒരു സിനിമ പ്രമോട്ട് ചെയ്യാന്‍ വേണ്ടി ചെന്നൈയില്‍ പോയപ്പോള്‍ എന്‍റെ പേരിന്‍റെ കൂടെ ജാതി വാല്‍ ചേര്‍ത്ത് വിളിക്കുന്നത് കേട്ട് സത്യം പറഞ്ഞാല്‍ അരോചകമായി തോന്നി. എന്നോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്ന്. നിങ്ങള്‍ക്ക് ഇവിടെ ഇതൊരു പുതുമയുള്ള തീരുമാനമല്ലായിരിക്കും. പക്ഷേ ഇത്തരം തീരുമാനങ്ങള്‍ എടുത്ത എത്രയോ ആളുകള്‍ ഇവിടെയുണ്ടായിട്ടുണ്ട്. കേരളം പലരീതിയിലും പുരോഗമനപരമായി ചിന്തിക്കുന്നയാളുകളുള്ള ഒരു സ്ഥലമാണ്. അതുകൊണ്ടാണ് ഞാനത് മാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുകയെന്നുള്ളത് എനിക്ക് സങ്കടമുണ്ടാക്കിയ കാര്യമാണ്. കാരണം ആ സന്ദര്‍ഭം എന്തുമായിക്കോട്ടെ, അതിനോട് ഞാന്‍ പുരോഗമനപരമായി എടുത്ത ഒരു തീരുമാനത്തെ കൂട്ടിയിണക്കി ഒരു വ്യാഖ്യാനം കണ്ടപ്പോള്‍ സങ്കടം തോന്നി'; സംയുക്ത പറഞ്ഞു.
'ബൂമറാങ്' സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കിടയിലാണ് ഷൈന്‍ സംയുക്തക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. സംയുക്ത പ്രമോഷന്‍ പരിപാടികള്‍ക്ക് എത്തിയിരുന്നില്ല. ഇതിലുള്ള വിമര്‍ശനമാണ് ഷൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. സംയുക്ത തന്‍റെ പേരിനൊപ്പമുള്ള മേനോൻ എന്ന ജാതിവാൽ മാറ്റിയല്ലോയെന്ന ചോദ്യത്തോടാണ് ഷൈൻ രൂക്ഷമായി വിമർശിച്ചത്.
'ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമ നമുക്ക് എല്ലാവർക്കുമുണ്ട്. എന്തുകൊണ്ട് അവർ പ്രമോഷന് വന്നില്ല. ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ നിന്ന് കിട്ടുന്നതല്ലേ. എന്ത് മേനോനായാലും നായരായാലും ക്രിസ്ത്യാനിയും മുസ്‍ലിമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകളുണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്ത കൊണ്ടാണ് പ്രമോഷന് വരാത്തത്'; ഷൈന്‍ ടോം ചാക്കോ പറഞ്ഞു.