'മഴയുള്ള രാത്രികളിൽ അദ്ദേഹം ചുറ്റുമുണ്ടെന്ന് എനിക്കറിയാം'; നടൻ ഇർഫാൻ ഖാന്റെ ഓർമ്മയിൽ ഭാര്യ സുതപ സിക്ദർ

കീമോ ചെയ്യാനോ ക്യാൻസറിനോട് പടപൊരുതാനോ ഉള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും സുതപ

Update: 2022-08-01 14:37 GMT
Editor : afsal137 | By : Web Desk
Advertising

അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനോടൊപ്പം ചെലവഴിച്ച അവസാന രണ്ട് വർഷങ്ങളെ കുറിച്ച് ഭാര്യ സുതപ സിക്ദർ അടുത്തിടെ നടത്തിയ വികാരനിർഭരമായ തുറന്നുപറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ''അദ്ദേഹം എന്റെ ചുറ്റുമുണ്ടെന്ന് എനിക്കറിയാം, പ്രത്യേകിച്ച് മഴയുള്ള രാത്രികളിൽ'', സുതപ സിക്ദർ പറഞ്ഞു. ബോളിവുഡ് ബബിളിനു നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു സ്‌നേഹിതയായും പരിചാരകയായും താനുണ്ടായിരുന്നു. ഇർഫാൻ തിരിച്ചുവരുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ആ സമയത്ത് ഒരുതരം അമ്പരപ്പുണ്ടായിരുന്നുവെന്നും താനൊരു വിഷാദ രോഗിയായി മാറിയിരുന്നുവെന്നും അവർ തുറന്നു പറഞ്ഞു. ''എന്റെ കുടുംബത്തിൽ ഇതുവരെ ക്യാൻസർ രോഗി ഉണ്ടായിട്ടില്ല, ഇതെനിക്ക് പുതിയ അനുഭവമായിരുന്നു, കീമോ ചെയ്യാനോ ക്യാൻസറിനോട് പടപൊരുതാനോ ഉള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അവസ്ഥയിൽ സങ്കടപ്പെടാതിരിക്കാൻ കഴിയുന്നത്ര ഞാൻ ശ്രദ്ധിച്ചിരുന്നു''- സുതപ സിക്ദർ പറഞ്ഞു.

താനും ഇർഫാനും വളരെ വ്യത്യസ്തരായ വ്യക്തികളാണെന്നും അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് സുതപ. തങ്ങൾ പലപ്പോഴും ഒരുമിച്ച് ഉറങ്ങിയിരുന്നില്ല. എന്നാൽ ഇർഫാനൊപ്പമുള്ള അവസാന രണ്ട് വർഷത്തെ ജീവിതം ഇരുവർക്കും വ്യത്യസ്തമായിരുന്നു. 'ക്യാൻസറിന്റെ മുർധന്യതയിൽ വേദന കടിച്ചമർത്തുമ്പോൾ അദ്ദേഹം ഒരിക്കൽ എന്നോട് ആംഗ്യ ഭാഷയിൽ പറഞ്ഞു. ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന്, എനിക്കറിയാം, അവൻ എന്റെ ചുറ്റുമുണ്ടെന്ന്, മഴയുള്ള രാത്രികളിൽ അദ്ദേഹത്തിന്റെ സാമിപ്യം ഞാനറിയുന്നു, അവൻ എവിടെയോ ഉണ്ടെന്ന് എനിക്കറിയാം'' - സുതപ സിക്ദർ പറയുന്നു. ഇരുവരും ആദ്യം കണ്ടുമുട്ടിയതും, അവരുടെ പ്രണയകഥയും എല്ലാം അഭിമുഖത്തിൽ സുതപ വിവരിക്കുന്നുണ്ട്. ദേശീയ-അന്തർ ദേശീയ ചിത്രങ്ങളിൽ വൈവിധ്യമാർന്ന പ്രകടനം കാഴ്ച്ചവെച്ച ഇർഫാൻ, ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29 നാണ് അന്തരിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News