'സ്നേഹം ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യിക്കും, എനിക്ക് അക്കാദമിയോട് മാപ്പ് പറയണം': വികാരാധീനനായി വില്‍ സ്മിത്ത്
'റിച്ചാർഡ് വില്യംസിനെ കുറിച്ച് പറയുന്നതുപോലെ ഞാനും ഒരു ഭ്രാന്തൻ പിതാവിനെപ്പോലെയാണ്'
ഓസ്കര്‍ വേദിയില്‍ വികാരാധീനനായി മികച്ച നടനുള്ള പുരസ്കാരം നേടിയ വില്‍ സ്മിത്ത്. വില്‍ സ്മിത്ത് കൊമേഡിയന്‍ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചതിന് പിന്നാലെയായിരുന്നു പുരസ്കാര പ്രഖ്യാപനം. വില്‍ സ്മിത്ത് പുരസ്കാരം സ്വീകരിച്ച് ക്രിസ് റോക്കിന്‍റെ പേരു പരാമര്‍ശിക്കാതെ കണ്ണീരോടെ ക്ഷമാപണം നടത്തി-
"എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എല്ലാ നോമിനികളോടും മാപ്പ് പറയണം. ഇത് മനോഹരമായ നിമിഷമാണ്. അവാര്‍ഡ് ലഭിച്ചതിനല്ല ഞാന്‍ കരയുന്നത്. കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാർഡ് വില്യംസിനെ കുറിച്ച് പറയുന്നതുപോലെ (വില്‍ സ്മിത്തിന് പുരസ്കാരം നേടിക്കൊടുത്ത കഥാപാത്രം) ഞാനും ഒരു ഭ്രാന്തൻ പിതാവിനെപ്പോലെയാണ്. സ്നേഹം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും"- കണ്ണീരോടെ വില്‍ സ്മിത്ത് പറഞ്ഞു.
ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിനെ കളിയാക്കിയതിനാണ് വില്‍ സ്മിത്ത് ഓസ്കര്‍ വേദിയില്‍ വെച്ച് ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചത്. ക്രിസ് റോക്ക്, ജാദ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ചാണ് പരാമര്‍ശം നടത്തിയത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്‍റെ രൂപവുമായാണ് ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തിയത്. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുകയായിരുന്നു. 'എന്‍റെ ഭാര്യയെ കുറിച്ചു നിന്‍റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ'ന്ന് ഉറക്കെപ്പറഞ്ഞു.
അടിച്ചത് കാര്യമായിട്ടാണോ തമാശയ്ക്കാണോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. വിവാദത്തില്‍ ഓസ്കര്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കിങ് റിച്ചാര്‍ഡിലെ അഭിനയത്തിനാണ് വില്‍ സ്മിത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് കിങ് റിച്ചാര്‍ഡ്. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. രണ്ട് കായിക താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രയത്‌നിക്കുന്ന ഒരു പിതാവിന്റെ കഥയാണ് കിങ് റിച്ചാര്‍ഡ് പറയുന്നത്. മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.