'അറിവിൻറെ ശബ്ദം ഉച്ചത്തിൽ കേൾക്കണം, അതാണെൻറെ ആഗ്രഹം'; എൻജോയ് എൻജാമി വിവാദത്തിൽ ധീ
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് ധീ തന്റെ നിലപാട് വ്യക്തമാക്കിയത്
എന്‍ജോയ് എന്‍ജാമി പാട്ട് സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി ഗായിക ധീ രംഗത്ത്. ചെസ്സ് ഒളിംപ്യാഡിലെ സ്റ്റേജ് പ്രകടനത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് റാപ്പർ അറിവ് സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളും അതിന് സംഗീതജ്ഞൻ സന്തോഷ് നാരായണന്‍ നൽകിയ മറുപടിയും ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് ധീയുടെ പ്രതികരണമെത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് ധീ തന്റെ നിലപാട് വ്യക്തമാക്കിയത്.
അറിവിന്റെ ശബ്ദം ഏറ്റവും ഉയര്‍ന്ന് കേള്‍ക്കണമെന്നു മാത്രമാണ് താന്‍ ആഗ്രഹിച്ചത്. അറിവിന് പറയാനുള്ളത് പ്രധാനപ്പെട്ടതാണ്, അത് എല്ലാവരും കേള്‍ക്കേണ്ടതാണെന്നും ധീ പറയുന്നു. എന്‍ജോയ് എന്‍ജാമിയില്‍ അറിവിന്‍റെയും സന്തോഷ് നാരായണന്‍റെയും പ്രാധാന്യം ഞാന്‍ ഒരു ഘട്ടത്തിലും കുറയ്ക്കുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല. പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും മൂന്നുപേരും തുല്യമായാണ് പങ്കിടുന്നത്. അവസരം അന്യായമായി നിഷേധിക്കുകയാണെങ്കില്‍ താന്‍ അതിന്റെ ഭാഗമാകില്ലെന്നും ധീ കുറിച്ചു.
ധീയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം
ഹായ്! എല്ലാവരും സുഖമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. എന്റെ സംഗീത ജീവിതത്തിലുടനീളം നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങള്‍ എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നു, നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. 'എന്‍ജോയ് എന്‍ജാമിയെ' കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
മനുഷ്യരെയും ചുറ്റുമുള്ള ജീവിതത്തെയും ചേര്‍ത്തുവെക്കുകയെന്ന ഉദ്ദേശത്തോടെയാണ് 'എന്‍ജോയ് എന്‍ജാമി' സൃഷ്ടിച്ചത്. പ്രകൃതിയുമായി ഒന്നായി ജീവിക്കുകയും പഞ്ചഭൂതങ്ങളെ ആരാധിക്കുകയും ജാതി, മതം പോലെയുള്ള മനുഷ്യനിര്‍മിത വിഭജനങ്ങളാല്‍ വന്ന പ്രതികൂല സാഹചര്യങ്ങളില്ലാതെ ജീവിക്കുകയും ചെയ്ത ഒരു പുരാതന തമിഴ് സമൂഹമാണ് ഗാനത്തിന്റെ പ്രധാന ആശയം. അവരാണ് നമ്മുടെ വേരുകള്‍. ഈ ഗാനം ആ കാലത്തേക്കുള്ള ഓര്‍മ്മപ്പെടുത്തലും ആഹ്വാനവുമാണ്. ഈ ഭൂമി മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഭൂമിയെയും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ഈ ഗാനം നമ്മുടെ വേരുകള്‍ തേടാനും അവയെ ഉള്‍ക്കൊള്ളാനും നമ്മെ നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌നേഹം, പ്രയാസങ്ങള്‍, ദുഃഖം, മുറിവുകള്‍, ഭയം, അഹംഭാവം തുടങ്ങിയവ നാം ഒരു പുരാതന വിത്തിന്റെ മധുരമുള്ള ഫലങ്ങളാണെന്നാണ് ഓര്‍മിപ്പിക്കുന്നത്. നമ്മള്‍ ഒരേ ഉറവിടത്തില്‍ നിന്നാണ് വരുന്നത്.
എന്റെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറയുന്നതിലും ചെയ്യുന്നതിലും പങ്കുവെക്കുന്ന കാര്യങ്ങളിലും എനിക്ക് പൂര്‍ണ നിയന്ത്രണമുണ്ട്. എഴുത്തുകാരന്‍/ഗായകന്‍ എന്ന നിലയില്‍ അറിവിനും നിര്‍മ്മാതാവ്/സംവിധായകന്‍ എന്ന നിലയില്‍ സന്തോഷ് നാരായണനും ഓരോ ഘട്ടത്തിലും ക്രെഡിറ്റുകള്‍ നല്‍കുമെന്ന് ഞാന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എനിക്ക് ലഭിച്ച അവസരങ്ങളിലെല്ലാം ഞാന്‍ അവരെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അറിവിനെക്കുറിച്ച്. 'എന്‍ജോയ് എന്‍ജാമിയിലെ' ഇരുവര്‍ക്കുമുള്ള പ്രാധാന്യം ഞാന്‍ ഒരു ഘട്ടത്തിലും ഇകഴ്ത്തി കാണിച്ചിട്ടില്ല. ഞാന്‍ എപ്പോഴും അവരുടെ ജോലി ഹൈലൈറ്റ് ചെയ്യാനും ആഘോഷിക്കാനും മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, ഓരോ ഘട്ടത്തിലും ഞാന്‍ അത് ചെയ്യുന്നു. ബാഹ്യ സ്രോതസ്സുകള്‍ ഞങ്ങളുടെ ഗാനം പങ്കിടുകയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന രീതിയില്‍ എനിക്ക് യാതൊരു നിയന്ത്രണവുമില്ല. ഈ ഗാനത്തിന്റെ നിര്‍മാണത്തില്‍ സംവിധായകന്‍ മണികണ്ഠന്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്, അദ്ദേഹത്തിന്റെ 'കടൈസി വ്യവസായി' എന്ന സിനിമയാണ് എന്‍ജോയ് എന്‍ജാമിയുടെ പിന്നിലെ പ്രേരകശക്തി, ഞാന്‍ ഇത് എല്ലായ്‌പ്പോഴും അംഗീകരിച്ചിട്ടുണ്ട്.
എന്‍ജോയ് എന്‍ജാമിയുടെ ഗാനരചന, സംഘാംഗങ്ങൾക്കിടയിൽ വളരെയധികം ചര്‍ച്ച ചെയ്തിരുന്നു. വീഡിയോയിലെ വള്ളിയമ്മാള്‍ പാട്ടിയുടെ സാന്നിദ്ധ്യം നമ്മളെല്ലാവരും ഒരേ വേരുകളുള്ളവരാണെന്ന് സൂചിപ്പിക്കാനുള്ള ആദരവായിരുന്നു. ഞങ്ങളുടെ പാട്ടിന് പിന്നിലെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന അര്‍ത്ഥങ്ങളും വിവരണങ്ങളും, റിലീസിന് ശേഷമുള്ള അറിവിന്റെ ഓരോ അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസിലാക്കിയത്.
അറിവിന്റെ ശബ്ദം എന്നും ഉച്ചത്തില്‍ കേള്‍ക്കണമെന്നു മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. അറിവിന് പറയാനുള്ളത് പ്രധാനപ്പെട്ടതാണെന്നും അത് എല്ലാവരും കേള്‍ക്കേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും ഞങ്ങള്‍ മൂന്നുപേരും തുല്യമായി പങ്കിടുന്നു. അറിവിനും സന്തോഷ് നാരായണനുമൊപ്പം എന്‍ജാമിയുടെ എല്ലാ പ്രധാന വിജയങ്ങളും ആഘോഷിക്കാന്‍ മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. ഏതെങ്കിലും തരത്തിലുള്ള അസമത്വത്തെ അംഗീകരിക്കുകയോ, ഒരു അവസരം അന്യായമായി നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍, ഞാന്‍ അതിന്റെ ഭാഗമാകില്ല.
കഴിഞ്ഞ വര്‍ഷത്തെ 'റോളിംഗ് സ്റ്റോണ്‍ ഇന്ത്യ' കവര്‍ ഷാന്റെയും എന്റെയും വരാനിരിക്കുന്ന വ്യക്തിഗത ആല്‍ബങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതാണ് കവറില്‍ ഒരുമിച്ച് വരാനുള്ള കാരണം. അത് എന്‍ജോയ് എന്‍ജാമിയെക്കുറിച്ചോ 'നീയെ ഒളിയെ'ക്കുറിച്ചോ ആയിരുന്നില്ല. ഞങ്ങള്‍ പങ്കുവെച്ച കവറില്‍ പാട്ടിന്റെ പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ല. ആ പ്രത്യേക കവര്‍ സ്റ്റോറി ഞങ്ങളുടെ വരാനിരിക്കുന്ന ആല്‍ബങ്ങളെയും ഒരു പ്ലാറ്റ്‌ഫോമായ 'മാജ'യെയും കുറിച്ചായിരുന്നു. അറിവ്, സന്തോഷ് നാരായണന്‍, കൂടാതെ എല്ലാ മാജാ കലാകാരന്മാരെയും കുറിച്ചുള്ള കവര്‍ സ്റ്റോറികളും ലേഖനങ്ങളും റോളിംഗ് സ്റ്റോണ്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഒരു റോളൗട്ട് പ്ലാന്‍ ഉണ്ടെന്നാണ് എന്നോട് പറഞ്ഞത്. ഇത് ഞങ്ങളുടെ കവര്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് റോളിംഗ് സ്റ്റോണ്‍ ഒരു ട്വീറ്റായി പ്രഖ്യാപിച്ചു, അത് കണ്ടതില്‍ എനിക്ക് സന്തോഷവുമുണ്ട്.
സ്പോട്ടിഫൈ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലെ എന്‍ജോയ് എന്‍ജാമി ഡി.ജെ സ്നേക്ക് റീമിക്സില്‍ അറിവിനെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. സന്തോഷ് നാരായണനും അറിവിനും എനിക്കും അതിന്റെ പിന്നിലെ മാര്‍ക്കറ്റിംഗില്‍ നിയന്ത്രണമില്ല.
ഇനി ഒളിമ്പ്യാഡ് ചെസ്സ് പ്രകടനത്തെക്കുറിച്ച്, ഇവന്റ് സംഘാടകര്‍ എന്നെയും അറിവിനെയും ഈ പരിപാടി അവതരിപ്പിക്കാന്‍ സമീപിച്ചിരുന്നു. പക്ഷേ അറിവ് യു.എസിലായിരുന്നതുകൊണ്ട് പെര്‍ഫോമന്‍സില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ വോയ്സ് ട്രാക്ക് പ്ലേ ചെയ്തു. അറിവിന്റെ വാക്കുകളെ കുറിച്ചും 'എന്‍ജോയ് എന്‍ജാമി'യിലെ അറിവിന്റെ പ്രകടനത്തെക്കുറിച്ചും പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു.
ഈ സംഭവങ്ങളെ പല തരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളില്‍ ഈ സംഭാഷണങ്ങള്‍ക്കുള്ള പ്രസക്തിയും പങ്കും ഞാന്‍ മനസിലാക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കൊപ്പമോ അല്ലാതെയോ പരസ്യമായോ സ്വകാര്യമായോ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും പക്ഷപാതരഹിതമായ ഒരു വ്യക്തിയുമായി ഇരുന്ന് സംവാദം നടത്താന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്.
പാട്ട് ഇത്രയും വലിയ വിജയമാക്കിയതിന് നിങ്ങളോടും സന്തോഷ് നാരായണന്‍, അറിവ്, മാജ, ഒപ്പം മുഴുവന്‍ ടീമിനോടും എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്ന പാട്ടിന്റെ ഉദ്ദേശ്യം എല്ലായ്പ്പോഴും അങ്ങനെ തന്നെ തുടരാന്‍ മാത്രമാണ് എന്റെ ആഗ്രഹം. ഈ ഭൂമിയോടും ജീവനോടും വേരുകളോടും മനുഷ്യരോടും എല്ലാ കലാകാരന്മാരോടും സുഹൃത്തുക്കളോടുമുള്ള സ്‌നേഹത്തിലും ബഹുമാനത്തിലും നിന്നാണ് എന്‍ജോയ് എന്‍ജാമി പിറന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് എന്നും അങ്ങനെ തന്നെ തുടരുകയും ചെയ്യും. സത്യം എക്കാലവും ജയിക്കും.
എന്‍ജോയ് എന്‍ജാമി എന്ന ഗാനം എഴുതുന്നതിന് തന്നെ ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും ഗാനം തേയിലത്തോട്ടത്തില്‍ അടിമകളായിരുന്ന തന്റെ പൂര്‍വികരുടെ ചരിത്രമല്ലാതാകുന്നില്ലെന്നുമായിരുന്നു അറിവ് പറഞ്ഞത്. ഇതിനു പിന്നാലെ പാട്ടിന്റെ ആശയം ധീയുടേതാണെന്നും താനാണ് കംപോസ് ചെയ്തതെന്നും അവകാശവാദം ഉന്നയിച്ച് സന്തോഷ് നാരായണനും രംഗത്തെത്തി. ഇതോടെയാണ് വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.