'ഐസി 814 : ദ കാണ്ഡഹാർ ഹൈജാക്ക്' വിവാദം; ഹൈജാക്കർമാരുടെ പേര് ഉള്‍പ്പെടുത്തി നെറ്റ്ഫ്ലിക്സ്
കോഡ് പേരുകൾക്ക് പകരം എല്ലാ ഹൈജാക്കർമാരുടെയും യഥാർത്ഥ പേരുകൾ ഡിസ്ക്ലേമറിൽ ഉൾപ്പെടുത്തി
ന്യൂഡൽഹി: വിവാദങ്ങൾക്ക് പിന്നാലെ 'ഐസി 814 : ദ കാണ്ഡഹാർ ഹൈജാക്ക്' എന്ന വെബ് സീരീസിന്റെ ഓപ്പണിംഗ് ക്രെഡിറ്റുകൾ അപ്‌ഡേറ്റ് ചെയ്ത് നെറ്റ്ഫ്ലിക്‌സ്. കോഡ് പേരുകൾക്ക് പകരം എല്ലാ ഹൈജാക്കർമാരുടെയും യഥാർത്ഥ പേരുകളാണ് പുതുക്കി ഡിസ്ക്ലേമറിൽ ഉൾപ്പെടുത്തിയത്.
കാണ്ഡഹാർ വിമാനറാഞ്ചലിനെ ആസ്പദമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത സീരീസിൽ സംഭവവുമായി ബന്ധപ്പെട്ട യഥാർത്ഥ ഭീകരരുടെ പേരുകൾ ഉപയോഗിച്ചില്ലെന്നായിരുന്നു സംഘ്പരിവാർ അനുകൂലികളുടെ വിമർശനം. പിന്നാലെ സീരീസ് പ്രദർശിപ്പിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന്റെ കണ്ടെന്റ് മേധാവിയെ കേന്ദ്രസർക്കാർ വിളിപ്പിച്ചിരുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് ശേഷമാണ് നെറ്റ്ഫ്ലിക്‌സ് ഓപ്പണിംഗ് ക്രെഡിറ്റുകൾ അപ്‌ഡേറ്റ് ചെയ്തത്.
'ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്' എന്ന വെബ് സീരീസിനെ ചൊല്ലി സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ രൂക്ഷ വിമർശനമുയര്‍ന്നിരുന്നു. സീരീസിൽ വിമാനം റാഞ്ചിയ അഞ്ചു ഭീകരരുടെ മുസ്ലിം പേരുകൾ ബോധപൂർവം ഒളിപ്പിച്ചെന്നതായിരുന്നു പ്രധാന ആരോപണം. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഉൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
1999 ഡിസംബർ 24ന് പാകിസ്താൻ സ്വദേശികളായ ഇബ്രാഹിം അത്ഹർ, ഷാഹിദ് അക്തർ, സണ്ണി അഹ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവർ ചേർന്നാണ് വിമാനം റാഞ്ചിയത്. വെബ് സീരീസിൽ പക്ഷേ ബോല, ശങ്കർ, ഡോക്ടർ, ബർഗർ, ചീഫ് എന്നിങ്ങനെ ഇവരുടെ രഹസ്യനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, വിമാനം റാഞ്ചിയ ഭീകരവാദികൾ പരസ്പരം വിളിച്ചിരുന്ന രഹസ്യനാമങ്ങളാണ് വെബ് സീരീസിലും ഉപയോഗിച്ചിരിക്കുന്നതെന്ന് സീരിസുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.
വിമാനത്തിന്‍റെ ക്യാപ്റ്റന്‍ ദേവിശരണും ശ്രിഞ്ജോയ് ചൗധരിയും ചേര്‍ന്നു രചിച്ച 'ഫ്ളൈറ്റ് ഇന്‍ടു ഫിയര്‍' എന്ന പുസ്തകം ആധാരമാക്കിയാണ് അനുഭവ് സിന്‍ഹ വെബ് സീരീസ് ഒരുക്കിയത്. വിജയ് വര്‍മ പ്രധാനവേഷത്തിലെത്തുന്ന സീരീസില്‍ നസീറുദ്ദീന്‍ ഷാഹ്, പങ്കജ് കപൂര്‍, അരവിന്ദ് സ്വാമി, ദിയ മിര്‍സ, പൂജ ഗോര്‍, പത്രലേഖ, അമൃത പുരി, കുമുദ് മിശ്ര, മനോജ് പഹ്വ, അനുപം ത്രിപാഠി, കവല്‍ജീത് സിങ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.