'സിംപ്‌ളിസിറ്റി തലൈവർ...'; ചെറിയ പിറന്നാളാഘോഷം അതും വീടിനുളളിൽ
തലൈവർക്ക് ജന്മദിനാശംസകൾ നേരാൻ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്
ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 73ാം പിറന്നാളാണ്. താരം കുടുംബത്തോടപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഭാര്യ ലത മക്കളായ ഐശ്വര്യ, സൗന്ദര്യ എന്നിവരും മറ്റു കുടുംബാംഗങ്ങളോടപ്പം ചേർന്നാണ് താരത്തിന്റെ പിറന്നാളാഘോഷം. അതിനിടെ തങ്ങളുടെ തലൈവർക്ക് ജന്മദിനാശംസകൾ നേരാൻ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
പ്രിയസുഹൃത്തിന് പിറന്നാൾ ആശംസയുമായി കമൽ ഹാസൻ എത്തിയിരുന്നു. എക്സിലൂടെയാണ് ആശംസ നേർന്നത്. 'എന്റെ പ്രിയ സുഹൃത്ത് സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. എന്നും വിജയം കൊയ്തുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു' എന്നാണ് കമൽ കുറിച്ചത്.രജനിക്ക് പിറന്നാൾ ആശംസയുമായി മകൾ ഐശ്വര്യയുടെ മുൻ ഭർത്താവും നടനുമായ ധനുഷും എത്തിയിട്ടുണ്ട്. 'ജന്മദിനാശംസകൾ തലൈവ' എന്നാണ് ധനുഷ് എക്സിൽ രജനികാന്തിനെ ടാഗ് ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നത്. ജൂനിയർ എൻ.ടി. ആർ, ഖുശ്ബു, അശോക് സെൽവൻ തുടങ്ങിയവരും തലൈവർക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.
1975ൽ അപൂർവ രാഗംഗ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 169-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2000-ൽ പത്മഭൂഷണും 2016-ൽ പദ്മവിഭൂഷണും നൽകി രജനികാന്തിനെ രാജ്യം ആദരിച്ചു. 2021-ൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു. മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാമാണ് താരത്തിന്റേതായി ഇനി പുറത്തിനിറങ്ങാനിരിക്കുന്ന ചിത്രം.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത രജനി നായകനായി എത്തിയ ജയ്‌ലർ വമ്പൻ മുന്നേറ്റമാണ് നടത്തിയത്. രജനിയുടെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ജയിലർ മാറുകയും ചെയ്തു. ടി ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ രജനിയോടപ്പം അമിതാഭ് ബച്ചനുമുണ്ട്.