മാലികിലെ ഇസ്‍ലാമോഫോബിയ വിമര്‍ശനങ്ങള്‍: സംവിധായകന്‍ മഹേഷ് നാരായണന്‍റെ പ്രതികരണം
ടേക്ക് ഓഫ് സിനിമ പുറത്തിറങ്ങിയ സമയത്തും ചിത്രത്തിനെതിരെ ഇസ്‍ലാമോഫോബിയ വിമര്‍ശനങ്ങളുണ്ടായിരുന്നു
ഫഹദ് ഫാസില്‍ നായകനായ മാലിക് സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്‍റെ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. 2009 മെയ് 17ന് തിരുവനന്തപുരം ബീമാപ്പള്ളിയില്‍ നടന്ന വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ഇസ്‍ലാമോഫോബിക്ക് ഘടകങ്ങളുണ്ടെന്നും മുസ്‍ലിം വിരുദ്ധമാണെന്നും സമൂഹ മാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണങ്ങളോടാണ് മാലിക് സംവിധായകന്‍ പ്രതികരണം അറിയിച്ചത്.
ചിത്രത്തിനെതിരായ ഇസ്‍ലാമോഫോബിയ ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും അത്തരം കാര്യങ്ങള്‍ തനിക്കറിയില്ലെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
മാലിക്കിനെ ബീമാപ്പള്ളി സംഭവവുമായി ആളുകള്‍ ബന്ധപ്പെടുത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് മഹേഷ് പ്രതികരിച്ചു. സാങ്കല്‍പ്പികമായ കഥയാണ് പറഞ്ഞത്. ഞാനൊരു സ്ഥലത്തിന്‍റെയും വ്യക്തിയുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലല്ലോ. ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കൂട്ടി വായിക്കാം. ഡിസ്‌ക്ലെയ്മര്‍ വച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നതെന്ന് മഹേഷ് നാരായണന്‍ വ്യക്തമാക്കി.
ടേക്ക് ഓഫ്, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച മൂന്നാമത്തെ ചിത്രമായിരുന്നു മാലിക്. ടേക്ക് ഓഫ് സിനിമ പുറത്തിറങ്ങിയ സമയത്തും ചിത്രത്തിനെതിരെ ഇസ്‍ലാമോഫോബിയ വിമര്‍ശനങ്ങളുണ്ടായിരുന്നു.
ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസായത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2020 ഏപ്രിലില്‍ തിയറ്ററില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയോടെയാണ് റിലീസ് നീണ്ട് ഒ.ടി.ടിയില്‍ പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്‍, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.