കളക്ഷനിലും മാസ്; മൂന്നു ദിനം കൊണ്ട് നൂറു കോടി ക്ലബിൽ കയറി രജനിയുടെ ജയിലർ
ശനിയാഴ്ച മാത്രം 35 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.
ചെന്നൈ: തിയേറ്ററില്‍ തകർത്തോടുന്ന രജനീകാന്ത് ചിത്രം ജയിലർ നൂറു കോടി ക്ലബിൽ. മൂന്നു ദിവസം കൊണ്ട് 109 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയതെന്ന് കളക്ഷൻ ഡാറ്റ വെബ്‌സൈറ്റായ sacnilk.com റിപ്പോർട്ടു ചെയ്യുന്നു. ശനിയാഴ്ച മാത്രം 35 കോടി രൂപയാണ് ചിത്രം നേടിയത്.
റിലീസ് ചെയ്ത ആദ്യ ദിനം 48.35 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. രണ്ടാം ദിവസം ലഭിച്ചത് 25.75 കോടി രൂപ. നെൽസൺ ദിലിപ്കുമാർ സംവിധാനം ചെയത തമിഴ് ചിത്രം ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ കൂടി ഡബ് ചെയ്തിരുന്നു. ചെന്നൈ നഗരത്തിൽ 92.7 ശതമാനമാണ് ചിത്രത്തിന്റെ ഒക്കുപൻസി.
യുഎസിൽ ജയിലറുടെ കളക്ഷൻ ഒരു ദശലക്ഷം ഡോളറിലേക്ക് അടുക്കുന്നതായി ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വിറ്ററിൽ കുറിച്ചു. ശനിയാഴ്ച വരെ 900000 യുഎസ് ഡോളറാണ് ചിത്രം പിന്നിട്ടത്. ചിത്രം അഞ്ഞൂറു കോടി കടക്കുമെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നു.
തിയേറ്ററുകൾ പൂരപ്പറമ്പാക്കി മുമ്പോട്ടുപോകുകയാണ് സ്‌റ്റൈൻ മന്നന്റെ ജയിലർ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ രജനി ചിത്രം ആരാധകർ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാൽ ആദ്യമായി രജനിക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ട്രയിലറിലൊന്നും പറയാതെ സസ്‌പെൻസ് നിറച്ചാണ് നെൽസൺ മോഹൻലാലിനെ ചിത്രത്തിന്റെ ഭാഗമാക്കിയത്.
രജനിയുടെ 169-ാമത്തെ ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി ചിത്രത്തിലെത്തുന്നത്. രമ്യ കൃഷ്ണനാണ് പാണ്ഡ്യന്റെ ഭാര്യയായി വേഷമിടുന്നത്. വിനായകനാണ് വില്ലൻ. പ്രതിനായക വേഷം വിനായകൻ ഗംഭീരമാക്കി എന്നാണ് തിയേറ്ററുകളിൽനിന്നുള്ള റിപ്പോർട്ട്. സൺപിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Summary: Rajinikanth starrer Jailer enters Rs 100 crore club in just three days