വല്ലപ്പോഴും കിട്ടുന്ന അവസരങ്ങള്‍ കൊണ്ടാണ് രാഘവേട്ടന്‍ ജീവിക്കുന്നത്, ജിഷ്ണു ഉണ്ടായിരുന്നെങ്കിലോ? നൊമ്പരമായി കുറിപ്പ്
ഞങ്ങളുടെ ജിഷ്ണു അന്തരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു .. അവന്‍റെ കൂട്ടായിരുന്ന ഞാനും മധു വാര്യരും നിഷാന്ത് സാഗറും അരവിന്ദറും ഒക്കെ രാഘവേട്ടനെയും ശോഭ ചേച്ചിയെയും സ്വന്തം മാതാപിതാക്കളെപോലെ തന്നെയാണ് കണ്ടിരുന്നതും ബഹുമാനിച്ചിരുന്നതും , ഇപ്പോഴും അങ്ങനെത്തന്നെയാണ്
ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്നവര്‍ വാര്‍ധക്യ കാലത്ത് അനുഭവിക്കുന്ന അവഗണനയെക്കുറിച്ച് നിര്‍മാതാവും വ്യവസായിയുമായ ജോളി ജോസഫ്. അന്തരിച്ച യുവതാരം ജിഷ്ണുവിന്‍റെ അച്ഛനും നടനുമായ രാഘവനെക്കുറിച്ചാണ് ജോളി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. പ്രായമുള്ള കഥാപാത്രങ്ങൾ വരുമ്പോൾ ജീവിക്കാൻ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കുറെ ആത്മാക്കളെ കൂടി ഓർക്കണേ എന്നും ജോളി അഭ്യര്‍ഥിക്കുന്നു.
ജോളി ജോസഫിന്‍റെ കുറിപ്പ്
എന്‍റെ ജിഷ്ണുവിന്‍റെ അച്ഛൻ രാഘവേട്ടനും വലിയൊരു നാടക കലാകാരിയും ..!
രാഘവേട്ടൻ 1941 ൽ കണ്ണൂരിലെ തളിപ്പറമ്പിലാണ് ജനിച്ചത്. ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗ്രാമീണ വിദ്യാഭ്യാസത്തിൽ ബിരുദം നേടി, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമ നേടിയതിനുശേഷം അദ്ദേഹം ടാഗോർ നാടക സംഘത്തിൽ ജോലി ചെയ്തു. 1968 ലെ 'കായൽക്കര ' യാണ് ആദ്യചിത്രം , പിന്നീട് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ ഏകദേശം 150 ഓളം സിനിമകൾ അഭിനയിച്ചു . കിളിപ്പാട്ട് (1987) എവിഡൻസ് (1988) എന്നീ സിനിമകൾ സംവിധാനം ചെയ്തു . കഴിഞ്ഞ 20 വർഷമായി തമിഴ് /മലയാളം ടിവി സീരിയലുകളിലുമുണ്ട്. പക്ഷെ ഇപ്പോൾ വളരെ കുറവാണ്. ഞങ്ങളുടെ ജിഷ്ണു അന്തരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു .. അവന്‍റെ കൂട്ടായിരുന്ന ഞാനും മധു വാര്യരും നിഷാന്ത് സാഗറും അരവിന്ദറും ഒക്കെ രാഘവേട്ടനെയും ശോഭ ചേച്ചിയെയും സ്വന്തം മാതാപിതാക്കളെപോലെ തന്നെയാണ് കണ്ടിരുന്നതും ബഹുമാനിച്ചിരുന്നതും , ഇപ്പോഴും അങ്ങനെത്തന്നെയാണ് . ഇന്നുൾപ്പടെ ഇടക്കിടക്ക് രാഘവേട്ടനുമായി വിശേഷങ്ങൾ പറയാറുമുണ്ട്, വല്ലപ്പോഴും കാണാറുമുണ്ട് . 80 വയസ്സായ , ആരോടും പരിഭവമില്ലാത്ത രാഘവേട്ടൻ വല്ലപ്പോഴും കിട്ടുന്ന അഭിനയാവസരങ്ങൾ കൊണ്ട് മാത്രമാണ് ജീവിക്കുന്നത് . ! അവൻ ഉണ്ടായിരുന്നെങ്കിലോ .?
കോഴിക്കോടുള്ള നാടകം ജീവിതമാക്കിയ വലിയൊരു കലാകാരി അവരുടെ അനന്തരവനുമായി കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയിൽ പലരെയും കണ്ടു സീരിയലിലോ സിനിമയിലോ, ജീവിക്കാൻ വേണ്ടിയുള്ള ഒരവസരത്തിനു ഓടിപ്പാഞ്ഞു നടക്കുന്നത് കണ്ടു . ഇന്നുച്ചക്ക് , ഒരുകാലത്ത് നാടകങ്ങൾ കൊണ്ട് അരി വാങ്ങിച്ചിരുന്ന എന്‍റെ ഓഫീസിലുമെത്തി .. ഞാനാദ്യമായിട്ടാണ് അവരെ കാണുന്നത് . അവരുടെ കൂടെ ഭക്ഷണം കഴിച്ച് എണീറ്റപ്പോൾ അവർ കണ്ണ് നനഞ്ഞു വിതുമ്പി മെല്ലെ പറഞ്ഞു , ' ഇതെന്‍റെ അവസാനത്തെ അലച്ചിലാണ് , ഇപ്പോൾ ഒന്നും കിട്ടിയില്ലെങ്കിൽ , ഇനി ഞാനീ പണിക്കില്ല ...' ഞാനാ പാവത്തെ സാന്ത്വനപ്പെടുത്തിയെങ്കിലും , മനസ്സിന് ഒരു സുഖവുമില്ലായിരുന്നു , എന്നതാണ് സത്യം .
എന്‍റെ പ്രിയപ്പെട്ട സിനിമാ- സീരിയൽ പ്രവർത്തകരായ സ്നേഹിതരെ , പ്രായമുള്ള കഥാപാത്രങ്ങൾ വരുമ്പോൾ , ജീവിക്കാൻ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കൂറേ ആത്മാക്കളെ കൂടി ഓർക്കണേ, പരിഗണിക്കണേ... ! നാളെ ഈ ഗതി നമുക്കും വരാതിരിക്കാൻ ഇതേ ഒരുമാർഗം എന്നുകൂടി വളരെ സ്നേഹത്തോടെ ഓർമപ്പെടുത്തുന്നു ! 'ഇന്ന് ഞാൻ നാളെ നീ ' മഹാകവി സാക്ഷാൽ ജി ശങ്കരക്കുറുപ്പ് പറഞ്ഞതാണ്.... സസ്നേഹം നിങ്ങളുടെ ജോളി ജോസഫ് .