'പിണറായി ഭരണം കണ്ടോ, ടിം...ടിം, നാണമില്ല ല്ലേ'; തിരുവാതിര കളിയില്‍ പരിഹാസവുമായി കലാഭവന്‍ അന്‍സാര്‍
പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ മെഗാ തിരുവാതിര കളിക്കെതിരെ നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍. 502 പേര്‍ പങ്കെടുത്ത തിരുവാതിര കളിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് നേരിട്ടത്. ഇതിനോടുള്ള പരിഹാസമായിട്ടാണ് കലാഭവന്‍ അന്‍സാര്‍ ഒറ്റയാന്‍ തിരുവാതിര കളിച്ചത്.
'ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍..... ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍. ആ ഭരണം കണ്ടോ, ടിം...ടിം... ഈ ഭരണം കണ്ടോ ടിം...ടിം.... നാണമില്ല ല്ലേ'- എന്നിങ്ങനെയാണ് തിരുവാതിര പാട്ടിന് സമാനമായ വരികളോടെ കലാഭവന്‍ അന്‍സാര്‍ ചൊല്ലി കളിക്കുന്നത്. അന്‍സാറിന്‍റെ സുഹൃത്തുക്കളായ ചിലരെയും വീഡിയോയില്‍ കാണാവുന്നതാണ്.
അതെ സമയം കലാഭവന്‍ അന്‍സാറിന്‍റെ പരിഹാസ വീഡിയോക്കെതിരെ ഇടതുപക്ഷ അനുകൂലികളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്. കലാഭവന്‍ അന്‍സാറിന് 'പണികൊടുക്കണ'-മെന്ന ഭീഷണിയും ഇടതു അനുകൂലികള്‍ സൈബര്‍ ഗ്രൂപ്പുകളില്‍ ഉയര്‍ത്തുന്നുണ്ട്.
പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെ 502 പേര്‍ തിരുവാതിര കളിയുടെ ഭാഗമായത്. ചെറുവാരക്കോണം സിഎസ്ഐ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവാതിരയ്ക്ക് വലിയ കാണികളുമെത്തി.