താരിണിക്ക് താലിചാർത്തി കാളിദാസ്; ഗുരുവായൂരിൽ മാംഗല്യം
ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം
കൊച്ചി: യുവനടനും താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ താരിണി കലിംഗരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി ഉൾപ്പടെയുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
ഏറെനാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. നേരത്തെ ചെന്നൈയിൽ പ്രീ വെഡിങ്ച്ചടങ്ങുകൾ നടത്തിയിരുന്നു .നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി.
മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ്, നീണ്ട നാളത്തെ പ്രണയത്തിനുശേഷം ജയറാമും പാർവതിയും വിവാഹിതരായതും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ചാണ്. അന്ന് അത് മാധ്യമങ്ങൾക്ക് ഏറെ ആഘോഷിച്ച വിവാഹമായിരുന്നു. ഇരുവരുടെയും മക്കളുടെയും വിവാഹവും സമാനമായ രീതിയിൽ മാധ്യമങ്ങളും സോഷ്യൽമീഡിയയും ആഘോഷിക്കുകയാണിപ്പോൾ.
ഇക്കഴിഞ്ഞ മെയ്യിലായിരുന്നു കാളിദാസിന്റെ സഹോദരി മാളവിക ജയറാം ഗുരുവായൂരിൽ വെച്ച് വിവാഹിതയായത്. അന്നേ മകന്റെ വിവാഹവും ഗുരുവായൂരിലായിരിക്കുമെന്ന് ജയറാമും പാർവതിയും അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. 2021ലെ മിസ് യൂണിവേഴ്‌സ് തേർഡ് റണ്ണർ അപ്പാണ് താരിണി. വിഷ്വൽ കമ്മ്യൂണിക്കേഷൻസ് ബിരുദധാരിയാണ്.