'നന്നായില്ലെങ്കിൽ വീട്ടിൽ കയറി തല്ലും'-ബോളിവുഡ് താരദമ്പതികൾക്കെതിരെ വീണ്ടും കങ്കണ
ഒരു ബോളിവുഡ് താരം തന്നെ വീട്ടിലടക്കം കാമറയുമായി പിന്തുടരുന്നുവെന്നും വാട്‌സ്ആപ്പ് വിവരങ്ങൾ ചോർത്തുന്നുവെന്നും അടക്കമുള്ള ആരോപണങ്ങൾ കങ്കണ ഉന്നയിച്ചിരുന്നു
മുംബൈ: ബോളിവുഡ് താരദമ്പതികൾക്കെതിരെ ഭീഷണിയുമായി വീണ്ടും കങ്കണ റണാവത്ത്. നന്നാകുന്നില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്ന് താരം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിനു ശേഷം തനിക്കു ചുറ്റുമുള്ള ദുരൂഹമായ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടുണ്ടെന്നും തന്നെ പിന്തുടരുന്നത് നിർത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നെയാണ് വീണ്ടും പ്രതികരണം. 'എന്നെക്കുറിച്ച് സങ്കടപ്പെടുന്നവർ അറിയാൻ, കഴിഞ്ഞ ദിവസം രാത്രിതൊട്ട് എന്നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ പ്രവർത്തനങ്ങളെല്ലാം നിന്നിട്ടുണ്ട്. കാമറയുമായും അല്ലാതെയും ആരും എന്നെ പിന്തുടരുന്നില്ല.'-കങ്കണ പറഞ്ഞു.
പറഞ്ഞത് മനസിലാകാത്തവരെ മനസിലാക്കാൻ മറ്റു വഴികൾ വേണ്ടിവരുമെന്നും അവർ സൂചിപ്പിച്ചു. 'ഏതെങ്കിലും ഗ്രാമത്തിൽനിന്ന് വരുന്നയാളെയല്ല നിങ്ങൾ നേരിടുന്നത്. നന്നായിട്ടില്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ കയറി തല്ലുമെന്ന് മുന്നറിയിപ്പ് തരികയാണ്. എന്നെ ഭ്രാന്തിയെന്ന് കരുതുന്നവരോട്: ഞാൻ ഭ്രാന്തി തന്നെയാണെന്നു മാത്രമേ നിങ്ങൾക്ക് അറിയൂ, എമ്മാതിരി ഭ്രാന്തിയാണെന്ന് നിങ്ങൾക്ക് അറിയില്ല.'-കങ്കണ കൂട്ടിച്ചേർത്തു.
'വീട്ടിൽവരെ പിന്തുടരുന്ന ബോളിവുഡിലെ കാസനോവ; പ്രോത്സാഹിപ്പിക്കുന്ന ഭാര്യ'
കഴിഞ്ഞ ദിവസമാണ് പേരുപറയാതെ ഒരു ബോളിവുഡ് താരദമ്പതികൾക്കെതിരെ ദീർഘമായ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ ഗുരുതരമായ ആരോപണങ്ങൾ നടത്തിയത്. ബോളിവുഡിൽ കാസനോവയായി അറിയപ്പെടുന്ന, ഇപ്പോൾ സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ് പ്രസിഡന്റായ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നും സ്വന്തം വീട്ടിൽ വരെ ചാരപ്രവർത്തനം നടത്തുകയാണെന്നുമായിരുന്നു ആരോപണം. താരത്തിന്റെ ഭാര്യ ഇത്തരം പ്രവൃത്തികൾക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും കങ്കണ ആരോപിച്ചു. വാട്സ്ആപ്പ് വിവരങ്ങളും പ്രൊഫഷനൽ ഇടപാടുകളും വ്യക്തിവിവരങ്ങളുമെല്ലാം ചോരുകയാണെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്റ്റോറിയിലുള്ളത്.
ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുകയും ചാരവൃത്തി നടത്തുകയും ചെയ്യുന്നു. തെരുവുകളിൽ മാത്രമല്ല, എന്റെ കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും അവർ എന്നെ ചിത്രം പകർത്താൻ സൂം ലെൻസുകൾ വച്ചിട്ടുണ്ട്. ഇപ്പോൾ പാപ്പരാസികൾ വരെ വല്ലതും കിട്ടിയാൽ മാത്രമാണ് താരങ്ങളെ സന്ദർശിക്കാനെത്താറുള്ളതെന്ന് എല്ലാവർക്കും അറിയാം. അഭിനേതാക്കൾക്ക് ഫോട്ടോ എടുത്തുകൊടുക്കാൻ പണം ഈടാക്കുക പോലും തുടങ്ങിയിട്ടുണ്ട്. എന്റെ ടീമോ ഞാനോ അവർക്ക് പണം നൽകുന്നില്ല. പിന്നെ ആരാണ് ഇവർക്ക് പണം നൽകുന്നത്?-ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണ പറയുന്നു.
'രാവിലെ 6:30ന് എന്റെ ചിത്രം എടുക്കുന്നുണ്ട്. അവർക്ക് എങ്ങനെയാണ് എന്റെ ഷെഡ്യൂൾ ലഭിക്കുന്നത്? ഈ ചിത്രങ്ങൾ കൊണ്ട് അവർ എന്താണ് ചെയ്യുന്നത്? ഇപ്പോൾ ഞാൻ അതിരാവിലത്തെ കൊറിയോഗ്രഫി പ്രാക്ടീസ് സെഷൻ പൂർത്തിയാക്കിയിരിക്കുകയാണ്. സ്റ്റുഡിയോയിലേക്ക് വരാൻ ആർക്കും ഒന്നും നൽകിയിട്ടില്ല. സ്റ്റുഡിയോയിലേക്ക് വരാൻ ആർക്കും സൂചന നൽകിയിരുന്നില്ല. എന്നിട്ടും ഞായറാഴ്ചയായിട്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്.'
തുടർന്നാണ് കങ്കണ ഒരു ബോളിവുഡ് താരത്തെ വ്യംഗ്യമായി സൂചിപ്പിച്ച് സംശയമുന എറിയുന്നത്. എന്റെ വാട്ട്‌സ്ആപ്പ് വിവരങ്ങളും പ്രൊഫഷണൽ ഡീലുകളും വ്യക്തിജീവിത വിവരങ്ങൾ പോലും ചോർന്നതായി എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ(ശാരീരികബന്ധത്തിന്) നിർബന്ധിച്ച, സ്വജനപക്ഷപാത മാഫിയയുടെ കോമാളിവേഷം കെട്ടിയയാളാണ്. അറിയപ്പെട്ട സ്ത്രീലമ്പടനും കാസനോവയുമാണ്. ഇപ്പോൾ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡന്റുമാണെന്നും കങ്കണ തുടരുന്നു.
നിർമാതാവാകാനും കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും എന്നെപ്പോലെ വസ്ത്രം ധരിക്കാനും എന്നെപ്പോലെ വീടിന്റെ ഇന്റീരിയർ ചെയ്യാൻ വരെ അയാൾ ഇപ്പോൾ ഭാര്യയെ നിർബന്ധിക്കുകയാണ്. എന്റെ സ്വന്തം സ്റ്റൈലിസ്റ്റുകളെ വിലക്കെടുത്തിരിക്കുക പോലും ചെയ്തിരിക്കുകയാണ്. വർഷങ്ങളായി എന്റെ സ്റ്റൈലിസ്റ്റായിരുന്നവർ ഇപ്പോൾ എനിക്കൊപ്പം ജോലി ചെയ്യാൻ വിസമ്മതിക്കുകയാണെന്നും കങ്കണ ആരോപിച്ചു.
'ഈ ശല്യപ്പെടുത്തുന്ന സ്വഭാവത്തെ ഭാര്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുൻപ് എന്റെ സഹോദരന്റെ വിവാഹ സൽക്കാരത്തിന് ഞാൻ ഉടുത്തിരുന്ന അതേ സാരി അവളുടെ വിവാഹത്തിന് പോലും അവൾ ധരിച്ചിരുന്നു, ഇത് വിചിത്രമാണ്. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് അറിയുന്ന സിനിമാ വസ്ത്രാലങ്കാരം ചെയ്യുന്ന ഒരു സുഹൃത്ത് (ഉറ്റ സുഹൃത്ത്) അടുത്തിടെ എന്നോട് മോശമായി പെരുമാറി. യാദൃശ്ചികമെന്നോണം അവൻ ഇപ്പോൾ ഇതേ ദമ്പതികൾക്കൊപ്പമാണ് ജോലി ചെയ്യുന്നത്. എനിക്ക് ഫണ്ട് നൽകുന്നവരോ ബിസിനസ്സ് പങ്കാളികളോ ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകൾ ഉപേക്ഷിക്കുന്നു.'
എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തിൽ അകപ്പെടുത്താനുമാണ് അയാളുടെ ശ്രമം. അതേസമയം, അവളെ മറ്റൊരു നിലയിലേക്ക് മാറ്റിയിരിക്കുകയാണ് അയാൾ. ഒരേ കെട്ടിടത്തിൽ വേർപിരിഞ്ഞാണ് അവർ കഴിയുന്നത്. ഇത് അംഗീകരിക്കരുതെന്നും അവനുമേൽ ഒരു കണ്ണുവേണമെന്നുമാണ് അവളോട് എനിക്ക് നിർദേശിക്കാനുള്ളത്. ഈ വിവരങ്ങളെല്ലാം എങ്ങനെയാണ് അയാൾക്ക് കിട്ടുന്നത്? എന്തുപണിയാണ് അയാൾ ചെയ്യുന്നത്? അയാൾക്ക് പണികിട്ടിയാൾ അത് അവളെയും അവരുടെ കുഞ്ഞിനെയുമെല്ലാം ബാധിക്കും. നിയമവിരുദ്ധമായ ഒരു പണയിലും ഏർപ്പെടുന്നില്ലെന്ന് അവൾ ഉറപ്പാക്കണം. പ്രിയപ്പെട്ടവൾക്കും നിന്റെ കുഞ്ഞിനും നിറയെ സ്നേഹം-ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണ കൂട്ടിച്ചേർത്തു.
സ്റ്റോറി പോസ്റ്റ് ചെയ്തതിനു പിന്നാലെ വലിയ ചർച്ചമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. രൺബീർ കപൂർ-ആലിയ ഭട്ട് താരദമ്പതികൾക്കെതിരെയാണ് കങ്കണയുടെ ആരോപണമെന്നാണ് ബോളിവുഡ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇതിനുമുൻപും ദമ്പതികൾക്കെതിരെ കങ്കണ രംഗത്തെത്തിയിരുന്നു.
Summary: 'I am warning you to mend your ways, or else I will enter your homes to bash you up'; Kangana Ranaut again threatens Bollywood couple, claims all suspicious activities around her have stopped