'മോദിയല്ലെങ്കിൽ പിന്നെയാര് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയൻ എന്ന് ഗൂഗ്ൾ ചെയ്തു നോക്കൂ'; കന്നഡ നടൻ ചേതൻ

"2020ലെ കോവിഡിൽ നിന്ന് കേരളം പഠിച്ചു. ഓക്‌സിജൻ പ്ലാന്റുകൾക്കായി പണം ചെലവഴിച്ചു"

Update: 2021-04-27 11:16 GMT
Editor : abs | By : Web Desk
Advertising

കോവിഡിനെ നേരിട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് കന്നഡ നടൻ ചേതൻ കുമാർ. ഇന്ത്യയിൽ ഓക്‌സിജൻ ദൗർലഭ്യം ഭീകരമായി തുടരുമ്പോൾ കേരളം അതിൽ നിന്ന് മുക്തമാണെന്ന് ചേതൻ പറഞ്ഞു. ട്വിറ്റിലാണ് നടന്റെ പ്രതികരണം.

'ഇന്ത്യയിൽ ഓക്‌സിജൻ ദൗർലഭ്യം ഭീതിതമാണ്. കേരളം തിളങ്ങുന്ന അപവാദവും. 2020ലെ കോവിഡിൽ നിന്ന് കേരളം പഠിച്ചു. ഓക്‌സിജൻ പ്ലാന്റുകൾക്കായി പണം ചെലവഴിച്ചു. ഓക്‌സിജൻ വിതരണം 58 ശതമാനം വർധിപ്പിച്ചു. ഇപ്പോൾ കർണാടകയ്ക്കും തമിഴ്‌നാട്ടിനും ഗോവയ്ക്കും ഓക്‌സിജൻ നൽകുന്നു. കേരള മോഡൽ സമം റോൾ മോഡൽ. മോദിയല്ലെങ്കിൽ പിന്നെയാണ് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയൻ എന്ന് ഗൂഗ്ൾ ചെയ്തു നോക്കൂ' - എന്നാണ് ചേതൻ കുമാറിന്റെ ട്വീറ്റ്.  

2007 മുതൽ കന്നഡ സിനിമയിലുള്ള താരമാണ് ചേതൻ കുമാർ. പന്ത്രണ്ടിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചേതൻ അഹിംസ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. 

മഹാമാരിക്കാലത്തെ കേരള മാതൃക

204 ടൺ ലിക്വിഡ് ഓക്സിജനാണ് കേരളം പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. 79 ടൺ മാത്രമാണ് ഉപഭോഗം. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടിന് 74 ടണ്ണും കർണാടകക്ക് 30 ടണ്ണും ദിനംപ്രതി അയക്കുന്നു. ഗോവയ്ക്കും ഓക്‌സിജൻ നൽകി. ഡൽഹിയിലേക്ക് അയക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ ഉപഭോഗത്തിനുള്ളത് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ മറ്റിടങ്ങളിലേക്ക് ഓക്‌സിജൻ നൽകുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

കോവിഡിന്റെ ആദ്യതരംഗം മുതൽ തന്നെ കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ കേരളത്തിന് സഹായകരമായത്. എല്ലാ മെഡിക്കൽ കോളജുകളിലും സർക്കാർ രണ്ട് ലിക്വിഡ് ഓക്‌സിജൻ ടാങ്കൊരുക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പുതിയ ഓക്‌സിജൻ പ്ലാന്റ് ഏപ്രിൽ 30ന് അകം കമ്മിഷൻ ചെയ്യുന്നുമുണ്ട്.

സർക്കാർ ആശുപത്രികളിൽ പ്രതിദിനം ഒന്നര മെട്രിക് ടണ്ണും പൊതുമേഖലാ സ്ഥാപനങ്ങളിൽ 168 മെട്രിക് ടണ്ണും ഓക്‌സിജൻ നിലവിൽ ഉത്പാദിപ്പിക്കുന്നുണ്ട്.


Tags:    

Editor - abs

contributor

By - Web Desk

contributor

Similar News