ആരാധകനെ കൊന്നതിന്റെ കുറ്റമേൽക്കാൻ ചുമതലപ്പെടുത്തിയത് മൂന്ന് പേരെ, ഡ്രൈവർ വിസമ്മതിച്ചു; ദർശനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

പവിത്ര ചെരുപ്പുകൊണ്ട് രേണുകാസ്വാമിയുടെ കരണത്തടിച്ചതായും റിപ്പോർട്ടുകളുണ്ട്

Update: 2024-06-15 14:46 GMT
Advertising

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കുറ്റമേൽക്കാൻ ദർശൻ മൂന്ന് പേരെ ചുമതലപ്പെടുത്തിയിരുന്നതായാണ് വിവരം. കൊല്ലപ്പെട്ട രേണുകസ്വാമിയുമായി ബംഗളൂരുവിലെത്തിയ കാറിന്റെ ഡ്രൈവർ ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

രവി എന്ന കാർ ഡ്രൈവറോടും കുറ്റമേൽക്കാൻ പ്രതികൾ പറഞ്ഞിരുന്നുവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ ഇയാളിതിന് വിസമ്മതിച്ചു. രേണുകാസ്വാമിയെ മർദിച്ച സ്ഥലത്ത് വെച്ചായിരുന്നു ഇത്. പേടിച്ചുപോയ താൻ ഉടൻ തന്നെ ടാക്‌സിക്കൂലിയായ 4000 രൂപയും വാങ്ങി സ്ഥലം വിടുകയായിരുന്നുവെന്ന് രവി പറയുന്നു.

രേണുകാസ്വാമിയുടെ സ്വദേശമായ ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് രവിയുടെ കാറിലാണ് പ്രതികൾ ഇയാളെയും കൂട്ടി സഞ്ചരിച്ചത്. പ്രകോപനമേതുമില്ലാതെയാണ് രേണുകാസ്വാമി കാറിൽ കയറിയതെന്നാണ് രവിയുടെ മൊഴി. ദർശന്റെ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റ് രാഘവേന്ദ്രയാണ് വണ്ടി വിളിച്ചതെന്നും ഇവരാണ് രേണുകാസ്വാമിയെ വണ്ടിയിൽ കയറ്റിയതെന്നും ഇയാൾ പറയുന്നു.

മൊഴിയുടെ പൂർണരൂപം:

"പവിത്ര ഗൗഡയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റ് ഇട്ടതിൽ നടനോട് മാപ്പു പറയാനാണ് കൊണ്ടുപോകുന്നതെന്നായിരുന്നു രാഘവേന്ദ്ര യുവാവിനെ ധരിപ്പിച്ചിരുന്നത്. ഇടയ്ക്ക് വെച്ച് ഇയാൾക്കൊപ്പം തന്നെ പ്രതികൾ ഭക്ഷണവും കഴിച്ചു. പിന്നീട് ആർആർനഗറിൽ എത്തിയപ്പോൾ അവിടെ 30ഓളം ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവിടെ ഒരു ഷെഡിന് സമീപം വണ്ടി പാർക്ക് ചെയ്യിച്ചു. പിന്നീട് നടന്നതെന്താണെന്ന് അറിവില്ല.

ഇടയ്ക്ക് ചില ആളുകൾ പോവുകയും വരികയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ചില ശബ്ദങ്ങളും ഉള്ളിൽ നിന്ന് കേട്ടു. എന്നാൽ എന്താണ് നടന്നതെന്ന് വ്യക്തമായിരുന്നില്ല. എങ്ങനെയെങ്കിലും പണം വാങ്ങി പോയാൽ മതിയെന്നായിരുന്നു ചിന്ത. എന്നാൽ വൈകിട്ട് വരെ അവിടെ നിൽക്കേണ്ടി വന്നു. വൈകിട്ട് കുറച്ച് പേരെത്തി കുറ്റമേൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വിസമ്മതിക്കുകയും ടാക്‌സിയുടെ പൈസ വാങ്ങി പോരുകയുമായിരുന്നു.

സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെയാണ് താനും പ്രതിയാണെന്ന വിവരം രവി അറിയുന്നത്. തുടർന്ന് ഒളിവിൽ പോയി. എന്നാൽ സുഹൃത്തുക്കളുടെ നിർദേശപ്രകാരം പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ആർആർനഗറിലെ കാമാക്ഷിപല്യത്തെ ഷെഡിൽ വെച്ച് ക്രൂരമായ മർദനപരമ്പരയാണ് രേണുകാസ്വാമി നേരിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബെൽറ്റുപയോഗിച്ച് ദർശനും വടികളുപയോഗിച്ച് ഇയാളുടെ കൂട്ടാളികളും യുവാവിനെ ബോധം മറയുംവരെ അടിച്ചു. പവിത്ര ചെരുപ്പുകൊണ്ട് രേണുകാസ്വാമിയുടെ കരണത്തടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഷെഡിന് സമീപമുണ്ടായിരുന്ന ട്രക്കിൽ യുവാവിന്റെ പല തവണ ഇടിപ്പിച്ചതായാണ് വിവരം. മരിച്ചെന്ന് വ്യക്തമായതോടെ ശരീരം സുമനഹള്ളിയിലെ അഴുക്കുചാലിൽ തള്ളി. പിന്നീട് ഒരു ഡെലിവറി ബോയ് അറിയിച്ചത് പ്രകാരം പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മസ്തിഷ്‌കരക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

കേസിൽ ദർശന്റെ ഫാൻസ് അസോസിയേഷന്റെ പങ്ക് നേരത്തേ തന്നെ വ്യക്തമായിരുന്നു. രേണുകാസ്വാമിയെ കൊന്നത് തങ്ങളാണെന്ന് കാട്ടി രാഘവേന്ദ്ര, കാർത്തിക്, കേശവമൂർത്തി എന്നിവർ പൊലീസിൽ കീഴടങ്ങിയതായിരുന്നു ഇതിലേക്കുള്ള വഴി. കുറ്റമേൽക്കാൻ ഇവരെ ദർശൻ ചുമതലപ്പെടുത്തിയതാണെന്ന് പിന്നീട് തെളിഞ്ഞു. അഞ്ച് ലക്ഷം രൂപയായിരുന്നു ഇവരുടെ പാരിതോഷികം.ചോദ്യം ചെയ്യലിൽ എവിടെയും തന്റെ പേര് ഉണ്ടാവരുതെന്ന് ദർശൻ ഇവർക്ക് മുന്നറിയിപ്പും നൽകിയിരുന്നു.

ജൂൺ 8നാണ് രേണുകസ്വാമിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് ഞായറാഴ്ച സുമനഹള്ളിയിൽ ഒരു അഴുക്കുചാലിൽ ഇയാളുടെ മൃതദേഹം കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദർശൻ ആണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാകുന്നത്. കൊലപാതകക്കുറ്റത്തിൽ ദർശന്റെ സുഹൃത്തും നടിയുമായ പവിത്രയ്ക്കും മറ്റ് 11 പേർക്ക് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ദർശന്റെ കടുത്ത ആരാധകനായിരുന്നു ചിത്രദുർഗയിലെ വിആർഎസ് ലേഔട്ട് സ്വദേശിയായ രേണുകസ്വാമി. ദർശനും പവിത്രയും തമ്മിലുള്ള ബന്ധം ഇയാളെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. തുടർന്ന് ഇൻസ്റ്റഗ്രാമിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാൾ പവിത്രയ്ക്ക് അശ്ലീല മെസേജുകൾ അയയ്ക്കാൻ തുടങ്ങി. ഇത് പവിത്ര ദർശനെ കാണിക്കുകയും രേണുകസ്വാമിയെ വകവരുത്താൻ ദർശൻ പദ്ധതിയിടുകയുമായിരുന്നു. രേണുസ്വാമി താമസിക്കുന്നത് 200 കിലോമീറ്റർ അകലെയുള്ള ചിത്രദുർഗയിലാണെന്ന് മനസ്സിലാക്കിയ ദർശൻ ഇവിടെ ഇയാളുടെ ഫാൻസ് അസോസിയേഷന് നേതൃത്വം നൽകുന്ന രാഘവേന്ദ്ര എന്നയാളോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നു.

ആർആർ നഗറിൽ രേണുകസ്വാമിയെ എത്തിക്കാൻ ഇയാളോട് നിർദേശിക്കുകയും ചെയ്തു. ഇവിടെവെച്ച് രേണുകസ്വാമിയെ ദർശൻ ക്രൂരമർദനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. വടിയും ബെൽറ്റുമുപയോഗിച്ച് ദർശനും സംഘവും യുവാവിനെ ക്രൂരമായി മർദിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. മർദനം നടക്കുമ്പോൾ പവിത്രയും സ്ഥലത്തുണ്ടായിരുന്നു. കൊടിയ പീഡനത്തിന് ശേഷം ബോധരഹിതനായ യുവാവിനെ സംഘം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞതാണ് റിപ്പോർട്ട്.

പിന്നീട് മൃതദേഹം സുമനഹള്ളിയിലെ അഴുക്കുചാലിൽ തള്ളി. അഴുകിത്തുടങ്ങിയ മനുഷ്യശരീരം നായ്ക്കൾ ഭക്ഷിക്കുന്നത് കണ്ടെന്ന് ഒരു ഡെലിവറി ബോയ് അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തിയാണ് കൊലപാതകവിവരം സ്ഥിരീകരിക്കുന്നത്. ചിത്രദുർഗയിൽ നിന്ന് രേണുകസ്വാമിയുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു.

ദർശനോട് കടുത്ത ആരാധനയാണ് രേണുകസ്വാമിക്കുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. ഇതാവാം ദർശൻ സ്വന്തം ഭാര്യയെ ചതിക്കുകയാണ് എന്ന തോന്നൽ യുവാവിൽ അമർഷമുണ്ടാക്കിയതെന്നും ഇവർ പറയുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ പവിത്രയ്ക്ക് മെസേജ് അയച്ചതിനെ കുറിച്ച് ഒന്നും തന്നെ രേണുകസ്വാമിയുടെ ഭാര്യയ്ക്ക് അറിവില്ല. അഞ്ച് മാസം ഗർഭിണിയാണ് രേണുകയുടെ ഭാര്യ സഹന. 28ാം തീയതി ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു ദമ്പതികൾ. ഏറെ സന്തോഷവാനായാണ് അടുത്ത ദിവസങ്ങളിലൊക്കെയും രേണുക ഉണ്ടായിരുന്നതെന്നും ഇൻസ്റ്റഗ്രാമിലെ മെസേജുകളെ കുറിച്ച് ഒന്നും തന്നെ യുവാവ് പറഞ്ഞിരുന്നില്ലെന്നും സഹന പറയുന്നു.

പവിത്രയുമായി ദർശന്റെ ബന്ധം പുറത്തറിഞ്ഞതോടെ രണ്ട് ചേരിയിലായിരുന്നു ആരാധകർ. ബന്ധത്തെ എതിർത്ത ആരാധകർ നടന്റെ ഭാര്യ വിജയലക്ഷ്മിക്ക് പിന്തുണയും നൽകിയിരുന്നു. രേണുകാസ്വാമി ഇൻസ്റ്റഗ്രാമിൽ ഫേക്ക് അക്കൗണ്ടിലൂടെ പവിത്രയ്‌ക്കെതിരായി ഇട്ട കമന്റാണ് നടി ദർശനെ കാണിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഈ കമന്റിന്റെയും മെസേജുകളുടെയും വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

പത്ത് വർഷത്തോളമായി ദർശനും പവിത്രയുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ദിവസം ഇത് ചൂണ്ടിക്കാട്ടി പവിത്ര ഒരു കുറിപ്പും പങ്കുവച്ചിരുന്നു. ദർശനോടൊപ്പമുള്ള 10 വർഷത്തിന്റെ ആഘോഷ വിഡിയോയായിരുന്നുവത്. 'ഒരു പതിറ്റാണ്ട് കഴിഞ്ഞു, എന്നെന്നും നിലനിൽക്കും. ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് പത്ത് വർഷമായി, നന്ദി' -എന്നായിരുന്നു കുറിപ്പ്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മിക്ക് അറിയാമെന്നും പവിത്ര പറഞ്ഞിരുന്നു. എന്നാൽ, നടിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി ദർശന്റെ ഭാര്യ വിജയലക്ഷ്മി രംഗത്തുവന്നു.

2003ലാണ് ദർശൻ വിജയലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങി. 2011ൽ വിജലക്ഷ്മി നൽകിയ പീഡനപരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെയാണ് ദർശന്റെ 'റിയൽ' മുഖം പുറംലോകമറിയുന്നത്. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിച്ച്, ആരാധകരോട് പരസ്യമായി മാപ്പ് പറഞ്ഞ് തന്റെ ക്ലീൻ ഫേസ് തിരിച്ചു പിടിക്കാൻ ദർശൻ ശ്രമിച്ചെങ്കിലും 2016ൽ വിജയലക്ഷ്മി വീണ്ടും ദർശനെതിരെ പരാതി നൽകി. പിന്നീട് 2021ൽ മൈസൂരുവിൽ വെച്ച് ഒരു ഹോട്ടൽ വെയിറ്ററെ ദർശൻ മർദിച്ചതും വാർത്തകളിൽ നിറഞ്ഞു.

വന്യമൃഗസ്‌നേഹിയായ ദർശൻ മലവള്ളിക്ക് സമീപം ഒരു മൃഗശാല തന്നെ പരിപാലിക്കുന്നുണ്ട്. 2015ൽ കടുവക്കുട്ടിയെ ദത്തെടുത്തത് വലിയ വാർത്തയായിരുന്നു. 2023ൽ ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയെക്കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയതിന് ദർശനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. ക്രാന്തി എന്ന സിനിമയുടെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. 'ഭാഗ്യദേവത എപ്പോഴും നിങ്ങളുടെ വാതിലിൽ വന്ന് മുട്ടുകയില്ല. അവൾ വരികയാണെങ്കിൽ പിടിക്കുകയും വലിച്ചിടുകയും വസ്ത്രം നൽകാതെ നിങ്ങളുടെ റൂമിൽ പൂട്ടിയിടുകയും വേണം' -എന്നായിരുന്നു ദർശന്റെ പരാമർശം. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് വലിയ പ്രതിഷേധമാണ് അന്ന് ഉയർന്നത്. കൂടാതെ ഒരു ചടങ്ങിൽ വെച്ച് ഇയാൾക്കെതിരെ ചെരിപ്പേറുണ്ടാവുകയും ചെയ്തു.

2023ൽ ദർശൻ വീണ്ടും അറസ്റ്റിലായി. നടന്റെ വീടിന് സമീപം കാർ പാർക്ക് ചെയ്തതിന് നായയെ വിട്ടുകടിപ്പിച്ചെന്ന അഭിഭാഷകന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News