കൊല്ലാന്‍ പറഞ്ഞത് പവിത്ര, രേണുകസ്വാമി ബോധം കെടുന്നതുവരെ ദര്‍ശന്‍ ബെല്‍റ്റ് കൊണ്ടടിച്ചു; കൊലക്കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പവിത്രയാണ് കേസിലെ മുഖ്യപ്രതി, ദര്‍ശന്‍ രണ്ടാം പ്രതിയാണ്

Update: 2024-06-13 07:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വാമിയെ കൊലപ്പെടുത്താന്‍ നടന്‍ ദര്‍ശന്‍ തൂഗുദീപയ്‌ക്ക് നിര്‍ദേശം നല്‍കിയത് നടിയും സുഹൃത്തുമായ പവിത്ര ഗൗഡയാണെന്ന് പൊലീസ് പറഞ്ഞു. രേണുകസ്വാമി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അയച്ച അശ്ലീല സന്ദേശങ്ങളില്‍ നടി അസ്വസ്ഥയായിരുന്നുവെന്നും കൊല്ലണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിക്കുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി, ദര്‍ശന്‍ രണ്ടാം പ്രതിയാണ്.

"രേണുകസ്വാമിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ച ദർശൻ ഫാൻസ് ക്ലബ് കൺവീനർ രാഘവേന്ദ്ര എന്ന രഘുവിൻ്റെ ചിത്രദുർഗ യൂണിറ്റുമായി ബന്ധപ്പെട്ടു." വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് രാഘവേന്ദ്ര തങ്ങളുടെ വീടിന് സമീപത്ത് നിന്നും ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോയതെന്ന് രേണുകസ്വാമിയുടെ ഭാര്യ സഹന പറഞ്ഞു. തുടര്‍ന്ന് ബെംഗളൂരുവിലെ കാമാക്ഷിപാളയത്തുള്ള ഷെഡിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ''രേണുകസ്വാമി ബോധം കെടുന്നതുവരെ ദര്‍ശന്‍ ബെല്‍റ്റ് കൊണ്ടടിച്ചു. ഒടുവില്‍ ബോധരഹിതനായി നിലത്ത് വീണപ്പോള്‍ കൂട്ടാളികള്‍ വടികള്‍ ഉപയോഗിച്ചും മര്‍ദിച്ചു. തുടര്‍ന്ന് സ്വാമിയെ മതിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. സ്വാമിയുടെ ഒന്നിലധികം എല്ലുകള്‍ ഒടിഞ്ഞിരുന്നതായി'' പൊലീസ് പറഞ്ഞു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പിന്നീട് മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു.

ദർശനും പവിത്ര ഗൗഡയും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും കർണാടക പോലീസ് ചൊവ്വാഴ്ച റിമാൻഡ് അപേക്ഷയിൽ കോടതിയെ അറിയിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ദര്‍ശന്‍റെ അറസ്റ്റില്‍ ആരാധകര്‍ അസ്വസ്ഥരാണ്. കര്‍ണാടകയില്‍ വലിയൊരു ആരാധകവൃന്ദമുള്ള നടനാണ് ദര്‍ശന്‍. ദര്‍ശന്‍ കസ്റ്റഡിയില്‍ കഴിയുന്ന പൊലീസ് സ്റ്റേഷന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. ഒടുവില്‍ ഇവരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടി വന്നു. ദർശനടക്കമുള്ള പ്രതികൾക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാൻ പൊലീസിനെ അനുവദിച്ചിടുണ്ടെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്സിസി) പ്രസിഡൻ്റ് എൻ എം സുരേഷ്, ആർട്ടിസ്റ്റ് യൂണിയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ദർശനെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമായിരിക്കും നടപടിയെടുക്കുക.

ജൂണ്‍ 17 വരെയാണ് ദര്‍ശനെയും മറ്റ് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ദർശൻ സഞ്ചരിച്ചിരുന്ന ജീപ്പ് ഉൾപ്പെടെ കൊലപാതകത്തിന് ഉപയോഗിച്ച കാറുകൾ ബെംഗളൂരു പൊലീസ് പിടിച്ചെടുത്തു. രേണുകസ്വാമി മരിച്ച വിവരമറിഞ്ഞ ദര്‍ശന്‍ കൂട്ടാളികള്‍ക്ക് 30 ലക്ഷം രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പണം കൈമാറിയതിന് ശേഷമാണ് പ്രതികളായ കാർത്തിക്കും സംഘവും മൃതദേഹം സംസ്‌കരിക്കാനും പൊലീസിന് മുന്നിൽ കീഴടങ്ങാനും സമ്മതിച്ചതെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News