'പൃഥ്വിരാജ് എന്ന പേര് പാടില്ല': അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണിസേന

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണിസേനയെ കാണിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും ഭീഷണി

Update: 2021-05-30 06:45 GMT
Advertising

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പൃഥ്വിരാജിന്‍റെ പേര് മാറ്റണമെന്ന് കര്‍ണിസേന. പൃഥ്വിരാജ് ചൗഹാന്‍ എന്ന രാജാവിനെ കുറിച്ചുള്ളതാണ് സിനിമ. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് തീരുമാനിച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കര്‍ണിസേനയുടെ വാദം.

"മഹാനായ പൃഥ്വിരാജ് ചൗഹാനെ കുറിച്ചുള്ള സിനിമയുടെ പേര് എങ്ങനെ വെറും പൃഥ്വിരാജ് ആകും? സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാന്‍ എന്ന് തന്നെയാക്കണം"- എന്നാണ് കര്‍ണിസേന യുവജന വിഭാഗം പ്രസിഡന്‍റ് സുര്‍ജിത് സിങ്ങ് റാധോഡ് പറഞ്ഞത്.

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണിസേനയെ കാണിക്കണമെന്നും ആവശ്യമുന്നയിച്ചു. സമ്മതിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് മുന്നിയിപ്പ്. പത്മാവത് എന്ന സിനിമയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഭീഷണി. സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയുടെ പേരും ചില ഭാഗങ്ങളും മാറ്റിയ ശേഷം മാത്രമാണ് പ്രദര്‍ശനം അനുവദിച്ചത്. കര്‍ണിസേനയുടെ പ്രതിഷേധം കാരണം ചിത്രത്തിന്‍റെ പ്രദര്‍ശനം മാറ്റിവെയ്ക്കേണ്ട സാഹചര്യം പോലുമുണ്ടായി.

ഡോ ചന്ദ്ര പ്രകാശ് ത്രിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക. പൃഥ്വിരാജ് ചൗഹാന്റെ ഭാര്യ സംയുക്തയായാണ് മാനുഷി എത്തുക. നവംബര്‍ 5നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News