ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തു
ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയ ദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്‍റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കവരത്തി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം മീഡിയവൺ ചർച്ചക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് പരാതി. ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു പരാമർശം.
എന്നാൽ, രാജ്യത്തെയോ സർക്കാറിനെയോ അല്ല പ്രഫൂൽ പട്ടേലിനെ ഉദ്ദേശിച്ചാണ് താൻ ആ പരാമർശം നടത്തിയതെന്ന് ഐഷ സുൽത്താന വ്യക്തമാക്കി. ഒരു വർഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും കൂടെ വന്നവരിൽ നിന്നുമാണ് വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് പ്രഫുൽ പട്ടേലിനെ ബയോവെപ്പൻ ആയി താരതമ്യപ്പെടുത്തിയതെന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.