അടിയൊഴുക്കുകൾ മുതൽ നന്‍പകല്‍ നേരത്ത് മയക്കം വരെ; വീണ്ടും സംസ്ഥാന പുരസ്കാര നിറവിൽ മമ്മൂട്ടി
ആറാം തവണയാണ് മമ്മൂട്ടി മികച്ച നടനുളള പുരസ്കാരം സ്വന്തമാക്കുന്നത്.
തിരുവനന്തപുരം: 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയവരുടെ പട്ടികയിൽ മോഹൻലാലിനൊപ്പമെത്തി മമ്മൂട്ടി. രണ്ടുപേർക്കും ആറുതവണ വീതമാണ് പുരസ്കാരം ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം മോഹൻലാലും പ്രധാന വേഷത്തിൽ അഭിനയിച്ച അടിയൊഴുക്കുകൾ എന്ന ചിത്രമാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുളള പുരസ്കാരം നേടികൊടുത്തത്. ഇരുവരും ഓരോ തവണ പ്രത്യേക പരാമർശത്തിനും അർഹരായിട്ടുണ്ട്.
2009 ലാണ് മമ്മൂട്ടി അവസാനമായി മികച്ച നടനുളള പുരസ്കാരം നേടിയത്. 1981 ൽ അഹിംസ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂട്ടി, 1984 ൽ ആണ് ആദ്യമായി മികച്ച നടനാകുന്നത്.
അടിയൊഴുക്കുകൾ (1984), ഒരു വടക്കൻ വീരഗാഥ (1989), മൃഗയ, മഹായാനം, വിധേയൻ (1993), വാത്സല്യം, പൊന്തൻമാട, കാഴ്ച (2004), പലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ, കുട്ടിസ്രാങ്ക്, കേരള വർമ പഴശ്ശിരാജ (2009) എന്നീ ചിത്രങ്ങൾക്കാണ് മമ്മൂട്ടി അവാർഡ് നേടിയത്.
വിന്‍സി അലോഷ്യസ് മികച്ച നടി. 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മികച്ച ചിത്രം. ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 'രേഖ'യിലെ പ്രകടനത്തിനാണ് വിന്‍സിക്ക് പുരസ്കാരം.