വിവാദം വിട്ടൊഴിയാതെ 'കുറുപ്പ്'; സിനിമയിലെ പാട്ട് മോഷ്ടിച്ചതെന്ന് ആരോപണം

കോഴിക്കോട്ടെ പഴയ ചുടുകാട് തൊടി സംഘത്തിലെ ഗായകന്‍ വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്

Update: 2021-11-09 05:21 GMT
Editor : ijas
Advertising

വിവാദം വിട്ടൊഴിയാതെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമ. ചിത്രത്തിലെ ദുല്‍ഖര്‍ പാടി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വൈറല്‍ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്ന് കോഴിക്കോട് സ്വദേശി ആരോപിച്ചു. കോഴിക്കോട്ടെ പഴയ ചുടുകാട് തൊടി സംഘത്തിലെ ഗായകന്‍ വിജുവാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ തലമുറ പണ്ടേക്കും പണ്ടേ പാടിയിരുന്ന ഗാനം ഗാനമേളകളിലാണ് പാടിയിരുന്നതെന്ന് വിജു പറയുന്നു. മാവൂര്‍ ചൂടുകാട് തൊടിയിലെ നാന്‍സി അങ്കിളാണ് പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നതെന്നും സംഭവത്തില്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും വിജു പറഞ്ഞു.

നേരത്തെ കുറുപ്പിന്‍റെ പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിന് പിന്നാലെ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൊലപാതകിയെ മഹത്വവത്ക്കരിക്കുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. സിനിമക്കെതിരെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമ കണ്ടതിന് ശേഷം 'കുറുപ്പി'-നെ പിന്തുണച്ച് ജിതിന്‍ രംഗത്തുവന്നു.

തന്‍റെ അപ്പനെ കൊന്നതിനപ്പുറം നിരവധി ക്രൂരതകള്‍ കുറുപ്പ് ചെയ്തതായി മനസിലായെന്ന് ജിതിന്‍ ചാക്കോ പറഞ്ഞു. ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയ്ക്ക് അകത്ത് ഉണ്ടെന്നും ജിതിന്‍ വ്യക്തമാക്കി.

ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സംവിധാനം. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News