ലതാ മങ്കേഷ്കറുടെ ആരോഗ്യനില തൃപ്തികരം
ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ച ഇവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് വക്താവ് അനുഷ ശ്രീനിവാസ അയ്യര്‍. ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ച ഇവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
"ലതാ ജിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്‌ടർമാർ അനുമതി നൽകിയതിന് ശേഷം വീട്ടിൽ എത്തും": വക്താവ് അനുഷ ശ്രീനിവാസൻ അയ്യർ പറഞ്ഞു.
രണ്ട് ദിവസം മുമ്പ്, ലതാ മങ്കേഷ്‌കറിന്‍റെ ആരോഗ്യ നില വഷളായതായി റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് ഇവരുടെ വക്താവ് ഈ വാർത്ത നിഷേധിച്ച് രംഗത്തുവരികയും ചെയ്തു.
"തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് കാണുന്നതില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. ലതാ ജിയുടെ ആരോഗ്യനില തൃപ്തികരമാണ്. മികച്ച ഡോക്ടർമാരുടെ ചികിത്സയിൽ ഐസിയുവിൽ തുടരുകയാണ്. അവര്‍ വേഗത്തിൽ വീട്ടിലേക്ക് മടങ്ങാൻ പ്രാർത്ഥിക്കുക", അയ്യർ പറഞ്ഞു.
മെലഡിയുടെ രാജകുമാറി, ഇന്ത്യയുടെ വാനമ്പാടി എന്നീ പേരുകളിൽ അറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ 1942-ൽ തന്‍റെ 13-ാം വയസ്സിലാണ് കരിയർ ആരംഭിച്ചത്. വിവിധ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.