അവൾക്കൊപ്പം തന്നെ: അതിജീവിതയ്ക്ക് സിനിമാലോകത്തിന്‍റെ ഐക്യദാര്‍ഢ്യം

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത്, സുപ്രിയ മേനോൻ, അഞ്ജലി മേനോൻ, ടൊവീനോ തോമസ്, മിയ, ഗീതു മോഹൻദാസ് തുടങ്ങി വലിയ താരനിരയാണ് സമൂഹമാധ്യമങ്ങളിൽ നടിയുടെ കുറിപ്പ് പങ്കുവച്ച് പിന്തുണ അറിയിച്ചത്

Update: 2022-01-10 11:27 GMT
Editor : Shaheer | By : Web Desk
Advertising

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാലോകം. അഞ്ചുവർഷത്തെ അതിജീവനയാത്രയെക്കുറിച്ച് നടി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിനു പിന്നാലെയായിരുന്നു മലയാളത്തിലെ യുവതലമുറയിലുള്ള പ്രമുഖ നടീനടന്മാരെല്ലാം ഐക്യദാർഢ്യമറിയിച്ച് രംഗത്തെത്തിയത്.

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത്, സുപ്രിയ മേനോൻ, അഞ്ജലി മേനോൻ, ടൊവീനോ തോമസ്, മിയ, ഗീതു മോഹൻദാസ് തുടങ്ങി വലിയ താരനിരയാണ് സമൂഹമാധ്യമങ്ങളിൽ നടിയുടെ കുറിപ്പ് പങ്കുവച്ച് പിന്തുണ അറിയിച്ചത്. രമ്യ നമ്പീശൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, മഡോണ, പൂർണിമ, സംയുക്ത മേനോൻ, സയനോര, ദിവ്യപ്രഭ, അർച്ചന പദ്മിനി, ആര്യ തുടങ്ങിയവരെല്ലാം നടിയുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇരയാക്കപ്പെട്ടതിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് നടി കുറിച്ചു. ''അഞ്ചുവർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്ന?ു; എനിക്കു വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.''-സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ നടി സൂചിപ്പിച്ചു.


നീതിക്കുവേണ്ടിയുള്ള യാത്ര തുടരുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഈ യാത്ര തുടരും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആക്രമണസംഭവവുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലുകൾക്കും നടൻ ദിലീപിനെതിരായ പുതിയ കേസിനും പിന്നാലെയാണ് നടിയുടെ പ്രതികരണം. ഡിവൈഎസ്പി ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതരകുറ്റങ്ങളാണ് ദിലീപിനെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. ബൈജു പൗലോസിനെ ലോറിയിടിച്ചു കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റാണ് ദിലീപിനെതിരെ പുതിയ കേസെടുത്തത്. ബൈജു പൗലോസിന്റെ പരാതിയിലാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐറിൽ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് കേസിന് അടിസ്ഥാനമായത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.

അറസ്റ്റിന് സാധ്യതയുള്ളതിനാൽ ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ന‍ല്‍കിയിട്ടുണ്ട്. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും അപേക്ഷ സമര്‍പ്പിച്ചു. കേസിൽ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നാണ് ദിലീപ് ആരോപിക്കുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News