'സിനിമയില്‍ അഭിനയിക്കുന്ന ആളാണെന്ന് കരുതി, സോറി'; കലക്ടര്‍ രേണു രാജിനോട് മമ്മൂട്ടി
പ്രസംഗം അവസാനിപ്പിച്ച ഉടൻ രേണുരാജിനോട് ക്ഷമ ചോദിക്കുകയും സത്യസന്ധമായ കാര്യമാണ് താന്‍ വേദിയിൽ പറഞ്ഞതെന്നും മമ്മൂട്ടി വ്യക്തമാക്കി
എറണാകുളം കലക്ടര്‍ രേണു രാജിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കലക്ടർ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു. കലക്‌ടർ വെറും മലയാളിയല്ല, നല്ല ബെസ്റ്റ് മലയാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കലക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടർ. വളരെ മനോഹരമായാണ് അവർ സംസാരിച്ചത്. ഇങ്ങനെ ഒരാൾ കലക്ടറായി വന്നതിൽ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാൻ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് കലക്ടർ ആണെന്ന് അറിയുന്നത്"–മമ്മൂട്ടി പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച ഉടൻ രേണുരാജിനോട് ക്ഷമ ചോദിക്കുകയും സത്യസന്ധമായ കാര്യമാണ് താന്‍ വേദിയിൽ പറഞ്ഞതെന്നും മമ്മൂട്ടി വ്യക്തമാക്കി.
ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ 83ആം പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. യേശുദാസ് പാടിയ 'തനിച്ചൊന്നു കാണാന്‍' എന്ന പുതിയ ആല്‍ബത്തിന്‍റെ ഓഡിയോ ലോഞ്ചും മമ്മൂട്ടി നിര്‍വ്വഹിച്ചു. യേശുദാസിന്‍റെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസിന്‍റെ ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു.
കൊച്ചി പാടിവട്ടം അസീസിയ കൺവൻഷൻ സെന്‍ററില്‍ നടന്ന പരിപാടിയിൽ ഗായകരായ എം.ജി ശ്രീകുമാർ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സംഗീത സംവിധായകരായ വിദ്യാധരൻ മാസ്റ്റർ, ശരത്, നടന്മാരായ മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.