സാധാരണ സ്കൂളിൽ പഠിച്ച പ്രത്യേക സ്വഭാവമുള്ള വിദ്യാര്‍ഥിയായിരുന്നു ഞാന്‍, മഹാരാജാസിൽ ചേർന്നത് കൊണ്ടാണ് ഇന്നത്തെ ഞാനായത്; ഓര്‍മകള്‍ പങ്കിട്ട് മമ്മൂട്ടി

പോക്കറ്റിൽ നൂറിന്‍റെ നോട്ടുമായി വരുന്ന ആരും അന്ന് മഹാരാജാസിൽ ഉണ്ടായിരുന്നില്ല

Update: 2023-03-07 08:02 GMT
Editor : Jaisy Thomas | By : Web Desk

ഓര്‍മകള്‍ പങ്കുവച്ച് മമ്മൂട്ടി

Advertising

കൊച്ചി: ''ഞാൻ ഒരു സാധാരണ സ്കൂളിൽ പഠിച്ച ഒരു പ്രത്യേക സ്വഭാവമുള്ള വിദ്യാർഥിയായിരുന്നു. മഹാരാജാസിൽ ചേർന്നത് കൊണ്ടാണ് ഞാൻ ഇന്ന് ആരായിട്ടുണ്ടോ അതാകാൻ കാരണം. പോക്കറ്റിൽ നൂറിന്‍റെ നോട്ടുമായി വരുന്ന ആരും അന്ന് മഹാരാജാസിൽ ഉണ്ടായിരുന്നില്ല. വലിയവനോ ചെറിയവനോ എന്ന വ്യത്യാസം ഇല്ലായിരുന്നു''തന്‍റെ അൻപത് വർഷം മുൻപത്തെ സഹപാഠി കെ. പി തോമസിന്‍റെ ചിത്ര പ്രദർശനം മട്ടാഞ്ചേരി നിർവാണ ആർട് ഗാലറിയിൽ ഉദ്ഘാടനം ചെയ്ത ശേഷം കൂട്ടുകാരെ സാക്ഷിയാക്കി മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി ഉള്ളു തുറന്ന് സംസാരിക്കുകയായിരുന്നു.

ഞാൻ എല്ലാ സംഘങ്ങൾക്കും ഒപ്പം ചേരുമായിരുന്നു. ഇന്ന് നമ്മൾ ക്യാമ്പസിൽ ഉള്ള കുട്ടികളെ പഴിക്കുമ്പോൾ നമ്മൾ കലാലയത്തിൽ എങ്ങിനെ ആയിരുന്നു എന്ന് ഓർമ്മിച്ചാൽ അവരെ കുറ്റപ്പെടുത്താൻ ആകില്ല.അന്നു ഒരാൾ ഒരു സിഗരറ്റ് വാങ്ങിയാൽ പത്തു പേരു വരെ വലിക്കുമായിരുന്നു. ഏറ്റവും ചുരുങ്ങിയത് അഞ്ചു പേർ. "കുറ്റി മുക്ക്" സദസ്സിൽ നിന്ന് മൻസൂർ വിളിച്ചു പറഞ്ഞു. ഒരു ചോറ് പാത്രത്തിൽ നിന്ന് മൂന്ന് പേരെങ്കിലും കഴിക്കുമായിരുന്നു. ജാതി,മത വർഗ വ്യത്യാസമില്ലാത്ത ഒരു വലിയ സ്‌നേഹ കൂട്ടായ്‌മ. ആ സ്‌നേഹമാണ് എത്രയോ വർഷങ്ങൾക്ക് ശേഷവും നമ്മളെ ചേർത്തു നിർത്തുന്നത് " മമ്മൂട്ടി പറഞ്ഞു.


അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരെയും പേര് വിളിച്ചു മമ്മൂട്ടി ഓർമ്മകൾ പങ്കിട്ടു. പൂനെയിൽ നിന്ന് കൊച്ചിയിൽ എത്തിയാൽ തീർച്ചയായും ചിത്ര പ്രദർശനത്തിന് വരും എന്ന് സുഹൃത്ത് 'കള്ള് തൊമ്മയ്ക്ക് ' കൊടുത്ത വാക്ക് അക്ഷരാർത്ഥത്തില്‍ പാലിക്കുകയായിരുന്നു താരം. തോമസിന്‍റെ ഒരു ചിത്രവും മമ്മൂട്ടി വാങ്ങിച്ചു. പ്രൊഫ എം.കെ സാനു. ഡോക്ടർ തോമസ് ഐസക്, സി ഐ സി സി ജയചന്ദ്രന്‍, ഡോക്ടർ സി. പി ജീവന്‍, അഡ്വക്കേറ്റ് ബഞ്ചമിൻ പോള്‍, കെ. പി തോമസ് എന്നിവര്‍ സംസാരിച്ചു. മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്രപ്രദർശനവും വില്പനയും മാർച്ച്‌ 12 വരെ തുടരും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News