"പുഴുവിലെ കഥാപാത്രം മമ്മൂട്ടിയെന്ന ആക്ടറിന്‍റെ അടങ്ങാത്ത അഭിനിവേശം": ജീത്തു ജോസഫ്
പുഴുവിന്‍റെ പ്രമേയം മറ്റുള്ളവര്‍ എടുക്കാന്‍ മടിക്കുന്ന വിഷയമാണെന്ന് ജീത്തു ജോസഫ്
മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പുഴു സിനിമയുടെ പ്രമേയത്തെയും അഭിനയത്തെയും പുകഴ്ത്തി സംവിധായകന്‍ ജീത്തു ജോസഫ്. പുഴുവിന്‍റെ പ്രമേയം മറ്റുള്ളവര്‍ എടുക്കാന്‍ മടിക്കുന്ന വിഷയമാണെന്ന് ജീത്തു ജോസഫ് പറഞ്ഞു. മമ്മൂട്ടി പുഴുവിലെ വേഷം ചെയ്തു. അത് ഒരു അഭിനേതാവിന്‍റെ അടങ്ങാത്ത അഭിനിവേശമാണ്. ഒരു നല്ല അഭിനേതാവിനേ ആ അഭിനിവേശം ഉണ്ടാവൂ. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം. അതാണ് അദ്ദേഹത്തിന്‍റെ മഹത്വമെന്ന് ജീത്തു ജോസഫ് പറഞ്ഞു. ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് മമ്മൂട്ടിയെയും പുഴുവിനെയും കുറിച്ച് വാചാലനായത്.
മമ്മൂട്ടിയുമായി ഒരു സിനിമ നടക്കാത്തൊരു സ്വപ്നമാണെന്നും ജീത്തു ജോസഫ് പറഞ്ഞു. മമ്മൂട്ടിയുമായൊരു സിനിമ മനസ്സിലുണ്ട്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. താനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ വലിയ പ്രതീക്ഷയായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ലെന്നും ജീത്തു വ്യക്തമാക്കി.
ദൃശ്യത്തില്‍ ആദ്യം നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് ജീത്തു വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി പിന്മാറിയതോടെയാണ് ജോര്‍ജ് കുട്ടിയുടെ കഥാപാത്രം മോഹന്‍ലാലിലെത്തുന്നത്. മോഹന്‍ലാലുമൊന്നിച്ച് റാം ആണ് ഇനി ജീത്തു ജോസഫിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബിഗ് ബജറ്റ് ചിത്രമായി അണിയിച്ചൊരുക്കുന്ന റാമിന്‍റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. ജീത്തു ജോസഫിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം ട്വല്‍ത്ത് മാന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ മെയ് 20നാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, ശിവദ തുടങ്ങി വലിയ താരനിരയാണ് എത്തിയത്. .
"Mammootty's unquenchable passion for the character in Puzhu"-Jeethu Joseph