"ആൾക്കാരെ വേദനിപ്പിക്കുന്ന തമാശകൾ പറയാതിരിക്കുക, അതാണ് മാന്യത": ബിനു അടിമാലിക്ക് മഞ്ജുവിന്റെ മറുപടി
ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്നും മഞ്ജു പത്രോസ് പറഞ്ഞു.
ബോഡി ഷെയിമിങ് തമാശകളെ ന്യായീകരിച്ച ബിനു അടിമാലിയെ തിരുത്തി നടി മഞ്ജു പത്രോസ്. സിനിമകളിലും ടെലിവിഷൻ പരിപാടികള്‍ക്കിടയിലും നടത്തുന്ന ബോഡി ഷെയിമിങ് തമാശകൾ ലഘൂകരിച്ച ബിനു അടിമാലിക്ക് അതേവേദിയിൽ വെച്ചുതന്നെയാണ് മഞ്ജു മറുപടി നൽകിയത്. പാളയം പിസി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ ആയിരുന്നു സംഭവം.
ഒരുപാട് ട്രോളുകൾ നേരിടേണ്ടി വരുന്നുണ്ടെന്ന പരാതിയോടെയാണ് ബിനു അടിമാലി തുടങ്ങിയത്. കലാകാരൻമാർ എന്തെങ്കിലും തമാശ പറയുന്നത് പ്രേക്ഷകരെ ചിരിപ്പിക്കാനാണ്. ഉള്ളിൽ ഒരുപാട് ദുഃഖങ്ങൾ ഒതുക്കിയാണ് ഓരോ പരിപാടിയും ചെയ്യുന്നത്. ബോഡി ഷെയിമിംഗോ വ്യക്തിപരമായി ഉപദ്രവിക്കുകയോ ഒന്നും ഇതിലൂടെ ഉദ്ദേശിക്കുന്നില്ല. പണ്ടത്തെ തമാശകളിൽ ബോഡി ഷെയിമിങ് എന്നൊരു സംഭവം ഉണ്ടായിരുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും പറയുന്ന തമാശകൾ സിനിമയെ വിജയിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന രീതിയിൽ കാണുക എന്ന് ബിനു അടിമാലി പറഞ്ഞു.
ഇതിനെതിരെയാണ് മഞ്ജു പത്രോസ് മറുപടി നൽകിയത്. ബിനു അടിമാലിക്ക് മറുപടി നൽകിയില്ലെങ്കിൽ മനസാക്ഷി കുത്ത് ഉണ്ടാകുമെന്നും ഇതൊരു ചർച്ചയാക്കേണ്ടതില്ലെന്നും മഞ്ജു ആദ്യം തന്നെ പറഞ്ഞിരുന്നു.
''ഒരുപാട് കലാകാരന്മാർ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. അതേ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. ഓർമ വെച്ച നാൾ മുതൽ എന്റെ നിറത്തെയും വണ്ണത്തെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്. ചുറ്റുമുള്ളവർ പറയുന്ന ഈ തമാശകളൊന്നും അന്നെനിക്ക് ആസ്വദിക്കാൻ പറ്റിയിട്ടില്ല. എനിക്കോന്തോ കുറവുണ്ടെന്ന് കുത്തിവെക്കുന്നതായിരുന്നു ഈ തമാശകൾ. ബിനു ചേട്ടനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടാകും. പല്ല് പൊങ്ങിയ ഒരാളെ കുറിച്ചുള്ള തമാശയിൽ അവന്റെ ഫോട്ടോ ഫ്രെയിം ചെയ്യാൻ പറ്റില്ല ചില്ല് പൊട്ടി പോകുമെന്നു കേൾക്കുമ്പോൾ ആളുകൾ ചിരിക്കുമായിരിക്കും. പക്ഷെ അയാൾ ചിരിക്കുമോ എന്നെനിക്കറിയില്ല. ഇത്തരം കോമഡികൾ പറയുമ്പോൾ സഹജീവികളെ കൂടി പരിഗണിക്കണം. ഇങ്ങനെയുള്ള തമാശകൾ കേൾക്കുമ്പോൾ വേദനിക്കുന്ന പത്ത് പേരെങ്കിലും ഉണ്ടാകും": മഞ്ജു പറഞ്ഞു.
"എന്റെ മകൻ കറുത്തിട്ടാണ്. ഞാൻ നേരിട്ട അനുഭവങ്ങൾ അവനും നേരിടുമോ എന്ന ഭയം എനിക്കുണ്ട്. ഞാൻ ഇത്തരത്തിലുള്ള തമാശകളുടെ രക്തസാക്ഷിയാണ്. ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന കലാകാരിയാണ് ഞാൻ. അങ്ങനെയുള്ള തമാശകൾ പറഞ്ഞില്ലെങ്കിൽ കുഴപ്പമില്ലെങ്കിൽ പറയാതിരിക്കുകയാണ് അവരോട് കാണിക്കുന്ന മാന്യത"; ആ ഒരു ഉത്തരവാദിത്തം നമ്മൾ എവിടെ ചെയ്യാലും കാണിക്കണമെന്ന ശക്തമായ അഭിപ്രായം തനിക്കുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ മഞ്ജുവിന്റെ വാക്കുകൾക്ക് വലിയ പിന്തുണയും സ്വീകാര്യതയുമാണ് ലഭിക്കുന്നത്. നേരത്തെയും ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെ മഞ്ജു പത്രോസ് ശ്രദ്ധ നേടിയിട്ടുണ്ട്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന മഞ്ജു ബിഗ് ബോസിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ്.