28 വര്‍ഷങ്ങള്‍; നായികയായ ചിത്രം ആദ്യമായി തിയറ്റില്‍ കണ്ട് മീന
ഡിസംബര്‍ 8നായിരുന്നു തമിഴ്നാട്ടിലെ തിയറ്ററുകളില്‍ മുത്തു റീറിലീസ് ചെയ്തത്
ചെന്നൈ: ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയുടെ താരറാണിയായി മാറിയ നടിയാണ് മീന. ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ താന്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം ആദ്യമായി തിയറ്ററില്‍ കണ്ടിരിക്കുകയാണ് മീന. രജനീകാന്ത് നായകനായ മുത്തുവാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം നടി കണ്ടത്.
ഡിസംബര്‍ 8നായിരുന്നു തമിഴ്നാട്ടിലെ തിയറ്ററുകളില്‍ മുത്തു റീറിലീസ് ചെയ്തത്. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് രണ്ടാം വരവിലും ലഭിച്ചത്. തിയറ്ററിലിരുന്ന സിനിമ കാണുന്നതിന്‍റെ വീഡിയോ മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനം. രജനിയും മീന പ്രത്യക്ഷപ്പെടുന്ന രംഗങ്ങളെ എല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രദര്‍ശനത്തിനു ശേഷം നടി ആരാധകരോട് സംസാരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.ചെന്നൈയിലെ രോഹിണി തിയറ്ററിലാണ് മീന സിനിമ കണ്ടത്.
''എന്തൊരു ആവേശവും സംതൃപ്തവും ഗൃഹാതുരതയും നിറഞ്ഞ ദിവസം. ആദ്യമായിട്ടാണ് മുത്തു മുഴുവന്‍ സിനിമയും കാണുന്നത്. അതും തിയറ്ററില്‍..മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും അവിടെയും ഇവിടെയും കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് കണ്ടത്. പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തോടുള്ള സ്നേഹവും മറ്റും കണ്ടറിയാനുള്ള അവസരം ഒരിക്കലും ഉണ്ടായിട്ടില്ല. രോഹിണി തിയറ്ററില്‍ മുത്തു കണ്ടപ്പോഴുള്ള അനുഭവം ഒരിക്കലും മറക്കാനാവില്ല. ത്രസിപ്പിക്കുന്നതായിരുന്നു തിയറ്ററിലെ അനുഭവം. കുളുവളിലെ...തില്ലാന തില്ലാന ഗാനങ്ങള്‍ വീണ്ടും പ്ലേ ചെയ്തപ്പോള്‍ കാണികള്‍ ആര്‍ത്തുവിളിച്ചു. 28 വർഷങ്ങൾക്ക് ശേഷവും, സിനിമയുടെ മാന്ത്രികത അവശേഷിക്കുന്നു, അതിനോടുള്ള പ്രേക്ഷകരുടെ അഭിനിവേശം ശരിക്കും പ്രചോദനകരമാണ്.
ഇത് വെറുമൊരു റീ-റിലീസ് ആയിരുന്നില്ല; ശുദ്ധമായ വികാരങ്ങളുടെയും അവിസ്മരണീയമായ കഥാപാത്രങ്ങളുടെയും നമ്മുടെ സൂപ്പർസ്റ്റാറിന്റെ സമാനതകളില്ലാത്ത പ്രഭാവത്തിന്‍റെയും ലോകത്തേക്ക് തിരിച്ചുവരാനുള്ള അവസരമായിരുന്നു അത്.പുതുതലമുറക്ക് മുത്തുവിനെയും രംഗനായകിയെയും പരിചയപ്പെടുത്തിയതിന് @kavithalayaaoffl, #Kandaswamy, and #Pushpakandaswamy എന്നിവര്‍ക്ക് നന്ദി'' മീന കുറിച്ചു.
1995 ഒക്ടോബര്‍ 23നാണ് മുത്തു തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം തേന്‍മാവിന്‍ കൊമ്പത്തിന്‍റെ റിലീസാണ് മുത്തു. 175 ദിവസത്തിലധികമാണ് തമിഴ്നാട്ടിലുടനീളം ചിത്രം പ്രദര്‍ശിപ്പിച്ചത്. 1998ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ജാപ്പനീസ് പതിപ്പും വിജയമായിരുന്നു.