നടൻ മേള രഘു അന്തരിച്ചു
കെ.ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് സിനിമയിലെത്തിയത്
നടൻ മേള രഘു എന്ന് അറിയപ്പെടുന്ന പുത്തന്‍വെളി ശശിധരന്‍ അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കലയോടുള്ള സ്നേഹം ചേര്‍ത്തലയിലെ പുത്തന്‍വെളി ശശിയെ എത്തിച്ചത് സര്‍ക്കസ് കൂടാരത്തിലേക്കാണ്. ഭാരത് സര്‍ക്കസിലെ പേരെടുത്ത ജോക്കറായി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി സിനിമയിലെത്തിയത്. സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ ജി ജോര്‍ജിന്റെ മേളയിലൂടെ. നായക തുല്യ കഥാപാത്രം. ശശിക്കത് അഭിനയമായിരുന്നില്ല ജീവിതമായിരുന്നു. അന്ന് മുതല്‍ ശശി മേള രഘുവായി.
പിന്നീട് മുപ്പതോളം സിനിമകള്‍. സിനിമയില്‍ ഒരുപാട് ഉയരങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. സിനിമക്കായി അഴിച്ചുവെച്ച സര്‍ക്കസ് വേഷം ജീവിക്കാനായി രഘുവിന് വീണ്ടും കെട്ടേണ്ടി വന്നു. സര്‍ക്കസ് കൂടാരത്തിലെ ദാരിദ്ര്യങ്ങളോട് പടവെട്ടി ജോക്കറായി കാഴ്ചക്കാരെ വീണ്ടും ചിരിപ്പിച്ചു. മോഹൻലാൽ നായകനായ ദൃശ്യം 2 ആണ് അവസാന ചിത്രം. കമലഹാസന്‍റെ അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയിലും വേറിട്ട വേഷം ചെയ്തു.
തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രഘുവിന്‍റെ ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാനാകുന്നതിലും അധികമായിരുന്നു. സിനിമാ മേഖലയിലുള്ളവരുടെ സഹായത്തോടെയായിരുന്നു ചികിത്സ. അതിനിടെയാണ് മരണം സംഭവിച്ചത്.