സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല: ഹരീഷ് പേരടി
കഴിഞ്ഞ ദിവസമാണ് വിവിധ കാരണങ്ങൾ ആരോപിച്ച് ഷെയിന്‍ നിഗത്തിനേയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകൾ വിലക്കിയത്
കോഴിക്കോട്: നടൻമാരായ ഷെയിൻ നിഗത്തിനേയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകൾ വിലക്കിയതിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നുണ്ടെങ്കിലും സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് വിവിധ കാരണങ്ങൾ ആരോപിച്ച് ഷെയിന്‍ നിഗത്തിനേയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകൾ വിലക്കിയത്. താരസംഘടനയായ 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. നിർമാതാക്കൾക്ക് നിരന്തരമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് കൊണ്ടാണ് നടപടിയെടുത്തതെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു.
ഇരുവർക്കും എതിരെ നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും സംഘടനകൾ അറിയിച്ചു. അതേസമയം വിവാദത്തിൽ തന്റെ ഭാഗം വിശദീകരിക്കുന്ന കത്ത് മീഡിയവണിന് ലഭിച്ചു. ആർഡിഎക്‌സ് സിനിമയുടെ സെറ്റിൽ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നൽകിയതെന്നും നിർമാതാവിൻറെ ഭർത്താവ് തൻറെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും കത്തിൽ പറയുന്നു. തനിക്കെതിരെ മാധ്യമങ്ങളിൽ വരുന്ന നുണപ്രചരണങ്ങൾ കാരണം മാനസിക വിഷമം അനുഭവിക്കുന്നുണ്ടെന്നും കത്തിൽ ഷെയിൻ ചൂണ്ടിക്കാട്ടി.
ശ്രീനാഥ് ഭാസി ഒരേ സമയം ഒന്നിലധികം സിനിമകളുടെ കരാർ ഒപ്പിടുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ കരാറിൽ ഒപ്പിടാൻ വിസമ്മതിക്കുകയാണെന്നും ഫെഫ്ക പറഞ്ഞു. സോഫിയ പോൾ നിർമിച്ച ആർ.ഡി.എക്‌സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഷെയിൻ നിഗം സിനിമയിൽ തനിക്ക് പ്രാധാന്യം കുറവാണെന്നും അതിനാൽ എഡിറ്റിങ് കാണണമെന്നും ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കിയിരുന്നു. അല്ലാത്തപക്ഷം സിനിമയുടെ ബാക്കി ചിത്രീകരണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഭീഷണിപ്പെടുത്തി.
പ്രൊഡക്ഷൻ കൺട്രോളർമാരോട് ഇരുവരും അപമര്യാദയായി പെരുമാറുന്നെന്നും അസഭ്യം പറയുന്നെന്നും ഷൂട്ടിങ് സെറ്റുകളിൽ കൃത്യ സമയത്ത് എത്തുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. നിലവിൽ ശ്രീനാഥ് ഭാസിക്ക് അമ്മയിൽ അംഗത്വമില്ല. വെയിൽ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താത്ക്കാലികമായാണ് ഷെയിന് അമ്മയിൽ അംഗത്വം നൽകിയതെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു.
നിർമാതാക്കളുടെ ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് ഇടവേള ബാബു പറഞ്ഞു. ഈ നടൻമാരെ വച്ച് സിനിമ ചെയ്യുന്ന നിർമാതാക്കൾ അവരുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം ഉണ്ടായാലും സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും സംഘടനയ്ക്ക് ഉത്തരവാദിത്വമില്ലെന്നും അമ്മക്ക് വേണ്ടി ഇടവേള ബാബു പറഞ്ഞു. നിരവധി പുതിയ താരങ്ങൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേരുകൾ സർക്കാരിന് കൈമാറുമെന്നും സംഘടനകൾ അറിയിച്ചു.