'എനിക്കും അഭിരാമിക്കും ഇതിലും വലിയൊരു സുകൃതം ലഭിക്കാനില്ല'; മോദിയെ വിവാഹത്തിന് ക്ഷണിച്ച് 'മേപ്പടിയാൻ' സംവിധായകൻ
ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വിഷ്ണു മോഹനന്‍റെ പ്രതിശ്രുത വധു
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ വിവാഹത്തിന് ക്ഷണിച്ച് ' മേപ്പടിയാൻ' സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ. തിങ്കളാഴ്ചയാണ് രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. മോദി കൊച്ചിയിലെത്തിയപ്പോഴാണ് വിഷ്ണു മോഹനും പ്രതിശ്രുത വധു അഭിരാമിയും ചേർന്ന് തന്റെ ആദ്യ ക്ഷണക്കത്ത് മോദിക്ക് നൽകിയത്. ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ മകളാണ് അഭിരാമി. എ.എൻ രാധാകൃഷ്ണനും ഭാര്യയും ഇരുവർക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാൻ സാധിച്ചതിന്റെ സന്തോഷം വിഷ്ണു മോഹൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
'നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്..
വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക് ഉണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു
വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്‌കാലം മുഴുവൻ നീണ്ടുനിൽക്കും.
ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിനു സാക്ഷികളായി ഉണ്ടായിരുന്നു.
"I will try my best to attend " ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ
നന്ദി മോഡിജി.. '
എന്നായിരുന്നു വിഷ്ണു മോഹൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്..മോദിയോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. മോദിയോടൊപ്പം 45 മിനിറ്റ് ചിലവിട്ടതിന്റെ അനുഭവങ്ങൾ നടൻ ഉണ്ണി മുകുന്ദനും സോഷ്യൽമീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.
മോദി പങ്കെടുത്ത യുവം 2023 പരിപാടിയിൽ ഉണ്ണിമുകുന്ദൻ, നടി അപർണബാലമുരളി, നവ്യ നായർ, സുരേഷ് ഗോപി തുടങ്ങിയവരും പങ്കെടുത്തിരുന്നു.