'കിടിലന്‍ മിന്നല്‍ വരുന്നുണ്ട് ട്ടോ'; ഔദ്യോഗിക പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്
തുടക്കം മുതലേ മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായെന്ന് ടൊവിനോ തോമസ്
ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ് . വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ആക്ഷൻ ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫാണ്. സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. എന്നാല്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
തുടക്കം മുതലേ തനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായെന്ന് ടൊവിനോ തോമസ് പറഞ്ഞു. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്‍റെ പൂർണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ സന്തോഷിക്കുന്നു. ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് പ്രതീക്ഷയെന്നും ടൊവിനോ പറഞ്ഞു.
മിന്നൽ മുരളിയെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞതിങ്ങനെ- കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഒരു സൂപ്പർ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങൾ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനാണ് ഞങ്ങൾ കൂടുതൽ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങൾ മുഴുവൻ ടീമിന്റെയും സ്വപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നതിൽ ഒരു പാട് സന്തോഷമുണ്ട് ".
ഒരു നിർമാതാവ് എന്ന നിലയിൽ ഈ സിനിമ വെല്ലുവിളിയോടൊപ്പം ചാരിതാർഥ്യവും നല്‍കിയെന്ന് നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞു. ഈ ലോക്കൽ സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ വിജയത്തിനായി മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുവന്നു. ഈ സിനിമയിലൂടെ നെറ്റ്ഫ്ലിക്സുമായി ചേർന്ന് പ്രവർത്തിക്കാന്‍ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നുവെന്നും സോഫിയ പോള്‍ പറഞ്ഞു. പ്രാദേശിക സൂപ്പർ ഹീറോ കഥ ടോവിനോ തോമസിന്റെ അഭിനയ മികവിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഫിലിംസ് ആൻഡ് ലൈസൻസിങ് ഡയറക്ടർ പ്രതീക്ഷ റാവു പറഞ്ഞു.