പ്ലാസ്റ്റിക് സര്‍ജറിക്കു പിന്നാലെ ഹൃദയാഘാതം: മോഡലിന് ദാരുണാന്ത്യം
കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യം കൊണ്ട് ക്രിസ്റ്റീന സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാലിഫോര്‍ണിയ: മോഡൽ ക്രിസ്റ്റീന ആഷ്ടൻ ഗൗർകാനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സംഭവിച്ചത്. 34 വയസായിരുന്നു. കാലിഫോര്‍ണിയ സ്വദേശിയാണ്.
പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയുള്ള മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കുടുംബം ഗോ ഫൌണ്ട് മീ പേജിലൂടെ സംസ്കാര ചടങ്ങുകള്‍ക്ക് ധനസമാഹരണം നടത്തുകയാണ്. മോഡല്‍ കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യം കൊണ്ട് ക്രിസ്റ്റീന സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ കഴിഞ്ഞ ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 22കാരനായ കനേഡിയൻ നടൻ സെയ്ന്‍റ് വോൻ കൊലൂച്ചി കോസ്മറ്റിക് സര്‍ജറിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ ഗായകൻ ജിമിനെ പോലെയാകാനാണ് നടന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്.
ജിമിനെ പോലെയാകാൻ 12 ശസ്ത്രക്രിയകളാണ് കൊലൂച്ചി നടത്തിയത്. ഏറ്റവും ഒടുവിൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു മരണം. ബി.ടി.എസിനോടുള്ള ഇഷ്ടം കാരണം 2019ൽ അദ്ദേഹം കാനഡയിൽ നിന്നും ദക്ഷിണ കൊറിയയിലേക്ക് താമസം മാറ്റിയിരുന്നു. 2.2 ലക്ഷം ഡോളറാണ് കൊലൂച്ചി ശസ്ത്രക്രിയക്കായി ചെലവഴിച്ചത്.