മരക്കാർ ഒ.ടി.ടിയിലേക്കെന്ന് സൂചന; ചർച്ചകൾ പുരോഗമിക്കുന്നു
തിയറ്ററില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയത് തിരിച്ചടിയാകുമെന്നാണ് തിയറ്റര്‍ ഉടമകൾ ചൂണ്ടിക്കാണിക്കുന്ന വിമര്‍ശനം
സംസ്ഥാനത്ത് തിയറ്റർ തുറക്കുന്നത് സംബന്ധിച്ച പ്രതിസന്ധി തുടരുന്നു. തിയറ്ററില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയത് തിരിച്ചടിയാകുമെന്നാണ് തിയറ്റര്‍ ഉടമകൾ ചൂണ്ടിക്കാണിക്കുന്ന വിമര്‍ശനം. അതേസമയം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രമായ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' ഒ.ടി.ടി റിലീസിന് തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മരക്കാര്‍ ഒ.ടി.ടി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്‍റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ്.സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 100 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചിട്ടിരുന്ന തിയറ്ററുകൾ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്. ഈ മാസം 25 മുതലാണ് തിയറ്ററുകൾ തുറക്കുക. ആദ്യ ഘട്ടത്തില്‍ അമ്പത് ശതമാനം പേർക്ക് പ്രവേശനം നൽകാനാണ് തീരുമാനം. ഇൻഡോർ ഓഡിറ്റോറിയങ്ങൾക്കും നിബന്ധനകളോടെ തുറക്കാൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചു.