Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: താരരാജാക്കന്മാർ ഒന്നിക്കുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് മുഴുനീള കഥാപാത്രമായാണെന്ന് സംവിധായകൻ മഹേഷ് നാരായണൻ. ചിത്രത്തിന്റെ പ്രഖ്യാപനസമയം മുതൽ മോഹൻലാലിന്റേത് അതിഥി വേഷമായിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മോഹൻലാൽ ചിത്രത്തിൽ മുഴുനീള കഥാപാത്രമായായിരിക്കുമെന്നും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മഹേഷ് നാരായണൻ പറഞ്ഞു.
'ഇത് ഒരുപട് നാളുകളായി എന്റെ മനസ്സിലുള്ള സിനിമയാണ്. തുടക്കത്തിൽ മമ്മൂട്ടി സാറിനെ മാത്രം വച്ച് തീരുമാനിച്ച ചിത്രമായിരുന്നു ഇത്. ഫഹദ് ഫാസിൽ നിർമ്മാതാവായി എനിക്കൊപ്പം ചേരാനായിരുന്നു തീരുമാനം. പിന്നീട് ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണം ഫഹദും മോഹൻലാൽ സാറും സിനിമയിലേക്ക് വരികയായിരുന്നു. ഞാൻ എഴുതിയ തിരക്കഥയിൽ എന്റേതായ ഫിലിം മേക്കിംഗ് ശൈലിയിൽ എനിക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും അവതരിപ്പിക്കണമെന്നുണ്ട്. ഒരു ഫാൻ ബോയ് നിമിഷം എന്നതിനപ്പുറത്തേക്ക് ഇതിനെ അതിശയകരമായ ഒരു കോളാബറേഷനായിട്ടാണ് ഞാൻ കാണുന്നത്. തിരക്കഥ ഇഷ്ട്ടപ്പെട്ടത് കൊണ്ടാണ് എല്ലാവരും ഈ സിനിമ ചെയ്യാൻ തയ്യാറായത്. ഇതെന്റെ മറ്റു സിനിമകളെപ്പോലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയല്ല. സിനിമയുടെ പ്രമേയത്തെപ്പറ്റി ഇപ്പോൾ കൂടുതലായി ഒന്നും തന്നെ പറയാൻ സാധിക്കില്ല. ഫഹദും ചാക്കോച്ചനും വെറുതെയൊരു കാമിയോ അല്ല. ഒരുപാട് കാര്യങ്ങൾ പെർഫോം ചെയ്യുന്ന ശക്തമായ കഥാപാത്രങ്ങളെയാണ് അവർ അവതരിപ്പിക്കുന്നത്. ഈ അഭിനേതാക്കളെയെല്ലാം മികച്ച രീതിയിൽ ഒരുമിച്ച് സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നാണ് എന്റെ വെല്ലുവിളി' എന്ന് മഹേഷ് നാരായണൻ പറഞ്ഞു.
കമൽഹാസനൊപ്പം മഹേഷ് നാരായണൻ ഒരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. ആ ചിത്രമാണ് പിന്നീട് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന്റെ സിനിമയാക്കിയത് എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കമൽഹാസനൊപ്പമുള്ള സിനിമയുടെ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി, രൺജി പണിക്കർ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, സെറീൻ ഷിഹാബ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് ആണ് നിർമാണം.
സിനിമയുടെ ചിത്രീകരണം രണ്ടാഴ്ച മുമ്പ് ശ്രീലങ്കയിലെ കൊളംബോയിൽ ആരംഭിച്ചു. ഒരു ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാകുക.