ഓസ്കറിൽ തിളങ്ങാൻ ആടുജീവിതം? പാട്ടുകളും ഒറിജിനല്‍ സ്‌കോറും പ്രാഥമിക പട്ടികയില്‍
89 പാട്ടുകളും 146 സ്‌കോറുകളുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിലുള്ളത്
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടംനേടി മലയാളചിത്രം ആടുജീവിതത്തിലെ പാട്ടുകളും ഒറിജിനൽ സ്‌കോറും. 'ഇസ്തിഗ്ഫര്‍', 'പുതുമഴ' എന്നീ പാട്ടുകളും ചിത്രത്തിന്റെ ഒറിജിനല്‍ സ്‌കോറുമാണ് പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ ഓസ്കർ കേരളത്തിലെത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലേക്കാണ് ആരാധകർ കടക്കുന്നത്.
89 പാട്ടുകളും 146 സ്‌കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിലുള്ളത്. പാട്ടുകളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാൾ അഞ്ചെണ്ണം കുറവുണ്ട്. ഡിസംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന വോട്ടിങ് ഡിസംബര്‍ 13നാണ് അവസാനിക്കുക. ഇതിന് ശേഷം ഡിസംബര്‍ 17ന് ഷോര്‍ട്ട്ലിസ്റ്റുകള്‍ പ്രഖ്യാപിക്കും. 15 പാട്ടുകളും 20 ഒറിജിനല്‍ സ്‌കോറുകളുമാണ് ചുരുക്കപ്പട്ടികയിലുണ്ടാവുക.
അടുത്തിടെയാണ് ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം 'ആടുജീവിതം' സ്വന്തമാക്കിയത്. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്കുവേണ്ടി അയച്ചെങ്കിലും തള്ളിയെന്ന് അടുത്തിടെ എ.ആർ.റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. ബെന്യാമിന്‍റെ ലോകപ്രശസ്ത നോവലായ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിച്ചത്.