താഴത്തില്ലേടാ?... റെക്കോഡ് ടിക്കറ്റ് നിരക്കുമായി പുഷ്പ; സർക്കാരിന് നന്ദി പറഞ്ഞ് അല്ലു അർജുൻ
ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തെലങ്കാന ഹൈക്കോടതിയിൽ ഹരജി
രാജ്യമാകെ കാത്തിരിക്കുകയാണ് അല്ലു അർജുൻ സിനിമയായ പുഷ്പ ദ റൂളിനായി. വ്യാഴാഴ്ചയാണ് അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയുടെ റിലീസ്. എന്നാൽ സിനിമയുടെ റിലീസിനെക്കാൾ വലിയ വാർത്തയായിരിക്കുകയാണ് ടിക്കറ്റിന്റെ വില. ആന്ധ്രയിലും തെലങ്കാനയിലും ആളൊന്നിന് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതുവരെയുള്ള തെലുങ്ക് സിനിമകളിൽ ഏറ്റവും ടിക്കറ്റ് നിരക്കുള്ള സിനിമയാണ് പുഷ്പ ദ റൂൾ. രണ്ടു സംസ്ഥാനങ്ങളിലെ സർക്കാരിനോടും ടിക്കറ്റ് നിരക്കിനെക്കുറിച്ച് സിനിമയുടെ നിർമാതാക്കൾ ചർച്ച നടത്തിയിരുന്നു, ഒടുവിൽ സിനിമയുടെ റിലീസ് തൊട്ട് നാല് ദിവസം (ഡിസംബർ 9) വരെ ടിക്കറ്റ് നിരക്ക് 600 രൂപ ആക്കാൻ സർക്കാർ തീരുമാനത്തിലെത്തുകയായിരുന്നു. മുമ്പ് കൽക്കി 2898നും സലാറിനും ദേവരയ്ക്കും ടിക്കറ്റ് നിരക്കുകൾ ഉയർത്തുന്നതിനായി തെലുങ്ക് സംസ്ഥാനങ്ങൾ അനുമതി നൽകിയിരുന്നു. 395, 403, 495 എന്നിങ്ങനെയായിരുന്നു സിനിമകളുടെ ടിക്കറ്റ് നിരക്ക്.
ടിക്കറ്റ് നിരക്ക് വർധനവിന് പിന്നാലെ ആന്ധ്ര സർക്കാറിന് നന്ദി പറഞ്ഞ് അല്ലു അർജുനും രംഗത്ത് വന്നിരുന്നു. തെലുങ്ക് സിനിമ വളർത്തുന്നതിന് സർക്കാർ ശ്രദ്ധ കാണിക്കുന്നത് ഇതിലൂടെ വ്യക്തമാകുന്നെന്നുവെന്നും അല്ലു അർജുൻ കുറിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും ഉപ മുഖ്യമന്ത്രി പവൻ കല്യാണിനും അല്ലു അർജുൻ നന്ദി പറഞ്ഞു. സിനിമയുടെ പ്രിവ്യു ബുധനാഴ്ച തൊട്ട് ആരംഭിക്കാനാണ് തീരുമാനം. പ്രിമിയർ ഷോകളുടെ ടിക്കറ്റിന് 944 രൂപയാണ് നിരക്ക്.
ടിക്കറ്റ് നിരക്കിന്റെ വർധനവിനെതിരെ തെലങ്കാന ഹൈക്കോടതിയിൽ ഇതിനോടകം ഹരജിയും എത്തിയിട്ടുണ്ട്. ഈ ഹരജി മൂന്നിനും നാലിനും പരിഗണിക്കും.
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിൻറെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിൻറെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.