'മഹാഭാരതം വളച്ചൊടിച്ചു; സനാതന ഹിന്ദുക്കള്‍ എതിര്‍ക്കണം'-'കല്‍കി'ക്കെതിരെ മുകേഷ് ഖന്ന

ആദ്യവാരം പിന്നിടുമ്പോള്‍ കല്‍കി ബോക്‌സോഫീസില്‍നിന്ന് 700 കോടി കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍

Update: 2024-07-05 09:14 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: പ്രഭാസ്-നാഗ് അശ്വിന്‍ ബിഗ് ബജറ്റ് ചിത്രം 'കല്‍കി 2898 എ.ഡി' തിയറ്ററിനെ ഇളക്കിമറിക്കുകയാണ്. ബോക്‌സോഫീസില്‍ വന്‍ തരംഗമാണു ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, കല്‍കിക്കെതിരെ വിമര്‍ശനവുമായി ഇപ്പോള്‍ നടന്‍ മുകേഷ് ഖന്ന രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഹിന്ദു പുരാണമായ മഹാഭാരതത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നും ഇത്തരം സിനിമകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ സമിതിയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഖന്നയുടെ വിമര്‍ശനം. കല്‍കിയില്‍ മഹാഭാരതത്തെ വളച്ചൊടിച്ചത് പ്രകോപനപരമാണെന്ന് അദ്ദേഹം വാദിച്ചു. ഓരോ സനാതന ഹിന്ദുവും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''സിനിമയില്‍ ശ്രീകൃഷ്ണന്‍ അശ്വാത്ഥാമാവിനെ ശപിക്കുന്നുണ്ട്. അത്തരമൊരു സംഭവം മഹാഭാരതത്തിലില്ല. വ്യാസമുനിയെക്കാളും വിവരം ഈ സിനിമയുടെ നിര്‍മാതാക്കള്‍ക്കുണ്ടോ? അശ്വാത്ഥാമാവിന്റെ ശിവമണി എടുത്തുകളഞ്ഞത് കൃഷ്ണനായിരുന്നില്ല. കുട്ടിക്കാലം തൊട്ടേ മഹാഭാരതം വായിക്കുന്നുണ്ട് ഞാന്‍. ദ്രൗപദിയാണ് അശ്വാത്ഥാമാവിന്റെ നെറ്റിയില്‍നിന്നു ശിവമണി എടുത്തുകളയാന്‍ ആവശ്യപ്പെട്ടത്. ദ്രൗപദിയുടെ അഞ്ചു മക്കളെ കൊന്നതിനുള്ള പ്രതികാരമായിരുന്നു അത്.

ബ്രഹ്മാസ്ത്രത്തിന്റെ കാര്യത്തില്‍ അര്‍ജുനനും അശ്വാത്ഥാമാവിനും ഇടയില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, എങ്ങനെ തിരിച്ച് ആക്രമിക്കണമെന്ന് അര്‍ജുനനു മാത്രമേ അറിയുമായിരുന്നുള്ളൂ. അശ്വാത്ഥാമാവിനു സാധിക്കാത്തതുകൊണ്ടാണ് അദ്ദേഹം ബ്രഹ്മാസ്ത്രം അഭിമന്യുവിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്കുനേരെ എയ്തത്. ഒന്‍പതു മാസത്തോളം അവരെ സംരക്ഷിക്കുകയായിരുന്നു കൃഷ്ണന്‍. ഇത്രയും വിശദമായി പറഞ്ഞത്, കൃഷ്ണനെ പോലെ ശക്തനായ ഒരാള്‍ എങ്ങനെയാണ് തന്നെ സംരക്ഷിക്കാന്‍ അശ്വാത്ഥാമാവിനെ പോലെയുള്ള ആളോട് ചോദിക്കുക?''

ചിത്രത്തില്‍ നിര്‍മാതാക്കള്‍ എടുത്ത സ്വാതന്ത്ര്യം അനുവദിക്കാന്‍ പറ്റില്ലെന്നും ഖന്ന പറഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമാക്കാര്‍ നമ്മുടെ പാരമ്പര്യത്തെ ആദരിക്കുന്നവരാണെന്നാണു നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ എന്താണു സംഭവിച്ചിരിക്കുന്നത്. ഇനിമുതല്‍ രാമായണം, മഹാഭാരതം, ഗീത ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളെ ആധാരമാക്കി എടുക്കുന്ന സിനിമകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും മുകേഷ് ഖന്ന ആവശ്യപ്പെട്ടു.

ജൂണ്‍ 27നാണ് കല്‍കി തിയറ്ററില്‍ റിലീസ് ചെയ്തത്. ആദ്യവാരം പിന്നിടുമ്പോള്‍ ബോക്‌സോഫീസില്‍ 700 കോടിയോളം കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്തും പ്രിയങ്ക ദത്തും സ്വപ്‌ന ദത്തും ചേര്‍ന്നാണു ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ശോഭന, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, അന്നാ ബെന്‍, ദിഷാ പഠാനി തുടങ്ങിയ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Summary: Actor Mukesh Khanna slams Kalki 2898 AD for tampering elements of Mahabharata, says a committee should look into this

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News