റെഡ് സിഗ്നലില്‍ മുന്നോട്ടു പോയാല്‍ ജീവന്‍ പോകും; ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കാന്‍ മുംബൈ പൊലീസിന്റെ സ്‌ക്വിഡ് ഗെയിം മാതൃക വീഡിയോ
വൈറല്‍ പോസ്റ്റ് ഇതിനോടകം ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കാന്‍ മുംബൈ പോലീസ് സ്‌ക്വിഡ് ഗെയിം മാതൃകയിലുള്ള വീഡിയോ വൈറല്‍. സീരീസിലെ റെഡ്‌ലൈറ്റ്, ഗ്രീന്‍ ലൈറ്റ്, എന്ന ഗെയിമാണ് മുംബൈ പോലീസ് വീഡിയോയില്‍ ഉപയോഗിച്ചത്. വൈറല്‍ പോസ്റ്റ് ഇതിനോടകം ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
സീരീസിലെ ഗെയിമില്‍ ഒരു പാവ ഗ്രീന്‍ ലൈറ്റ് എന്ന് പറയുമ്പോള്‍ മത്സാരാര്‍ത്ഥികള്‍ മുന്നോട്ടു പോവുകയും റെഡ് ലൈറ്റ് എന്നു പറയുമ്പോള്‍ നില്‍ക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ റെഡ് ലൈറ്റ് പറഞ്ഞതിനു ശേഷവും മുന്നോട്ടു പോയാല്‍ കളിക്കാര്‍ക്ക് വെടിയേല്‍ക്കും. ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് മുംബൈ പോലീസ് ട്രാഫിക് സന്ദേശം തയ്യാറാക്കിയിരിക്കുന്നത്. 'റോഡിലെ നിങ്ങളുടെ ഗെയിമിന്റെ മുന്‍നിരക്കാരന്‍ നിങ്ങളാണ് പുറത്താകാതെ നിങ്ങള്‍ക്ക് രക്ഷിക്കാനാകും റെഡ് ലൈറ്റുകളില്‍ നിര്‍ത്തുക.' എന്ന അടിക്കുറിപ്പോടെയാണ് മുംബൈ പോലീസ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
റോഡ് സുരക്ഷയെക്കുറിച്ച് സന്ദേശം നല്‍കാന്‍ സീരീസിനെ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തിയതിനെയും പ്രശംസിച്ച് നിരവധിപേര്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിജീവനത്തിന്റെ കഥ സാഹസികവും ഭയാനകവുമായി അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ സ്‌ക്വിഡ് ഗെയിം സീരീസ് ഇതിനോടകം 111 ദശലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. ഭാഷാ ഭേദമന്യേ ലോകത്തിന്റെ വിവിധ കോണിലുള്ളവര്‍ ഒരുപോലെ സീരീസിനെ സ്വീകരിച്ചിട്ടുണ്ട്. കടക്കെണിയില്‍ അകപ്പെട്ട ഒരുകൂട്ടം ആളുകള്‍ ചില ഗെയിമുകള്‍ കളിക്കുന്നതാണ് സീരീസിന്റെ പ്രമേയം. വിജയികളാവുന്നവര്‍ക്ക് ലഭിക്കുക 4500 കോടിയാണ്.