‘ജീവിതത്തിലെ ഏറ്റവും ഭാരമേറിയ നിമിഷങ്ങളായിരുന്നുവത്’; മകന് ബാധിച്ച അപൂർവ്വ രോഗത്തെക്കുറിച്ച് മുനവർ ഫാറൂഖി
ഓരോ ജീവൻരക്ഷാ കുത്തിവയ്പ്പിനും 25,000 രൂപ ചെലവ് വരും
മുംബൈ: ബിഗ്‌ബോസ് ഹിന്ദി പതിനേഴാം സീസൺ വിജയിയായ മുനവർ ഫാറൂഖിക്ക് വലിയ ആരാധകവൃന്ദമാണ് ഇന്ത്യയൊട്ടാകെയുള്ളത്. സ്റ്റാൻഡ്അപ്പ് കൊമേഡിയനും റാപ്പറും ഗായകനുമായ മുനവർ നേരത്തെ മറ്റൊരു റിയാലിറ്റി ഷോയിലും വിജയിയായിരുന്നു. തന്റെ മകന് ബാധിച്ച അപൂർവ്വ രോഗത്തെക്കുറിച്ച് മുനവർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കവാസാക്കി രോഗമാണ് മുനവർ ഫാറൂഖിയുടെ മകനെ ബാധിച്ചത്. ഒന്നര വയസ്സുള്ള മകൻ രോഗാവസ്ഥയിലായപ്പോൾ ഒരു പിതാവെന്ന നിലയിൽ അനുഭവിച്ച സംഘർഷങ്ങളെക്കുറിച്ചാണ് ജാനിസ് സെക്വീറ എന്ന യൂട്യൂബറുടെ പോഡ്‌കാസ്റ്റിൽ മുനവർ സംസാരിച്ചത്. രക്തക്കുഴലുകളെ ബാധിക്കുന്ന അപൂർവ കോശജ്വലന രോഗമാണ് കവാസാക്കി.
താൻ വളരെ സാമ്പത്തിക ഞെരുക്കത്തിലായിരുന്ന സമയത്താണ് മകൻ മൈക്കലിന് രോഗം ബാധിക്കുന്നതെന്നും മുനവർ വെളിപ്പെടുത്തുന്നു. ഓരോ ജീവൻരക്ഷാ കുത്തിവയ്പ്പിനും 25,000 രൂപ ചെലവ് വരും. ‘ആ സാഹചര്യം എന്നെ ഭയപ്പെടുത്തുന്നു. അന്ന് എൻ്റെ മകന് ഒന്നര വയസായിരുന്നു. അസുഖം വന്ന് 2-3 ദിവസം, അവന്റെ അവസ്ഥയിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ, കവസാക്കി രോഗം ബാധിച്ചതായി കണ്ടെത്തി. മൂന്ന് കുത്തിവയ്പ്പുകൾ വേണ്ടിവന്നു. ഓരോന്നിനും 25,000 രൂപ. ആകെ 75,000 രൂപ ആവശ്യമായിരുന്നു, പക്ഷേ എൻ്റെ കയ്യിൽ 700-800 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ’ -മുനവർ വ്യക്തമാക്കി.
എന്തുചെയ്യണമെന്നറിയാതെ നിന്നുപോയെന്നും, ജീവിതത്തിലെ ഏറ്റവും ഭാരമേറിയ ദിവസങ്ങളായിരുന്നു അതെന്നും മുനവർ പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തുന്നു. പ്രധാനമായും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അപൂര്‍വവും ഗുരുതരവുമായ രോഗമാണ് കവാസാക്കി. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികൾക്ക് ഉള്‍പ്പടെ ശരീരത്തിലുടനീളമുള്ള രക്തക്കുഴലുകള്‍ക്ക് വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്.